തിരുവനന്തപുരം: അനധികൃതമായി ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സർവീസ് നടത്താൻ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞ കെ.എസ്.ആർ.ടി.സി എ.ടി.ഒ അടക്കമുള്ള അഞ്ച് ജീവനക്കാരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് ആരോപിച്ച് സിറ്റി ഡിപ്പോയിലെ ഡ്രൈവർമാരും ജീവനക്കാരും നടത്തിയ മിന്നൽ പണിമുടക്കിൽ ഇന്നലെ നഗരം നിശ്ചലമായി. പൊങ്കാല സീസൺ കൂടിയായതോടെ ആറ്റുകാൽ ക്ഷേത്രത്തിലേക്കെത്തിയ ഭക്തരടക്കം ആയിരങ്ങൾ നഗരത്തിൽ കുടുങ്ങി.
രാവിലെ 11 ന് തുടങ്ങിയ മിന്നൽ പണിമുടക്ക് വൈകിട്ട് 6 ഓടെയാണ് അവസാനിച്ചത്. സിറ്റി എ.ടി.ഒ ലോപ്പസ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ശിവകുമാർ, ഇൻസ്‌പെക്ടർമാരായ ലിജു, രാജേന്ദ്രൻ, ഡ്രൈവർ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ മാസ്റ്റർ അനിൽകുമാർ മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് 6 ന് ഉദ്യോഗസ്ഥരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് ജീവനക്കാർ ബസ് സർവീസുകൾ പുനരാരംഭിച്ചത്.
സംഭവം ഇങ്ങനെ
ഇന്നലെ രാവിലെ 9.20 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സിറ്റിയിൽ നിന്ന് ദിവസവും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും ആറ്റുകാലിന് സമീപത്തെ മരുതൂർകടവിലേക്ക് സർവീസ് നടത്തുന്നുണ്ട്. വഴയിലയിൽ നിന്ന് 9.20ന് ആറ്റുകാലിലേക്ക് സർവീസ് ആരംഭിക്കേണ്ട സ്വകാര്യബസ് 9 ന് കിഴക്കേകോട്ട മരുതൂർക്കടവിലെ സ്‌റ്റാൻഡിൽ പിടിച്ചിട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്വകാര്യ ബസുകൾ സമയംതെറ്റി സർവീസ് നടത്തുന്നതായുള്ള പരാതിയെ തുടർന്ന് എ.ടി.ഒ.ലോപ്പസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സ്റ്റാൻഡിലെത്തിയിരുന്നു. സ്വകാര്യബസ് വരുന്നത് കണ്ട എ.ടി.ഒയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും ബസ് തടഞ്ഞു. ഇതോടെ സ്വകാര്യ ബസ് ജീവനക്കാർ ക്ഷുഭിതരായി. "വണ്ടി തടയാൻ നിങ്ങൾക്ക് എന്താണ് അധികാരമെന്നും അനധികൃതമായി സർവീസ് നടത്തിയെങ്കിൽ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനാണ് അധികാരമെന്നും പറഞ്ഞു. ഇതിനിടെ ഫോർട്ട് സി.ഐ ഷെറിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാഞ്ഞെത്തി. യാത്രക്കാരുള്ള ബസ് തടയാൻ അധികാരമില്ലെന്നും ബസിനെ പോകാൻ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ പൊലീസും ഉദ്യോഗസ്ഥരും തമ്മിലായി തർക്കം. ഇതിനിടെ പൊലീസുകാരിൽ ഒരാൾ എ.ടി.ഒ.യെ കഴുത്തിന് പിടിച്ചുതള്ളി. ഇതോടെ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. ഇതിനിടയിൽ സ്വകാര്യബസുകാർ സ്ഥലം വിട്ടു. തുടർന്ന് പൊലീസുകാരിൽ ഒരാൾ ഒരു പ്രകോപനവും ഇല്ലാതെ എ.ടി.ഒ ലോപ്പസിനെയും സ്റ്റേഷൻ മാസ്റ്റർ അനിൽകുമാറിനെയും പിടിച്ചു തള്ളി. ഇത് ജീവനക്കാരും പൊലീസും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. അടിവയറ്റിൽ ചവിട്ടേറ്റ അനിൽകുമാർ നിലത്തുവീണു. അടുത്തിടെ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ് അനിൽകുമാർ. ഉടനെ മറ്റു ജീവനക്കാർ അനിൽകുമാറിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എ.ടി.ഒയേയും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡ് വക്കിൽ ബസുകളുടെ നീണ്ട നിര
ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത വിവരം ഫോണിലൂടെയും വാട്സ് ആപ്പ് വഴിയും പ്രചരിച്ചതോടെ നഗരത്തിലേക്ക് സർവീസ് നടത്തിവന്ന സിറ്റി ബസ് സർവീസുകൾ നിറുത്തി. എം.ജി റോഡിൽ കിഴക്കേകോട്ട മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അറുന്നൂറോളം ബസുകൾ നിരനിരയായി നിറുത്തിയിട്ടതോടെ നഗരം അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിലായി.
ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിൽ ഗതാഗതക്കുരുക്ക് നീണ്ടു. പിന്നാലെ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള ജീവനക്കാർ ബൈക്കുകളിലും മറ്റുമായി ഫോർട്ട് സ്‌റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഓവർബ്രിഡ്ജിൽ നിന്ന് തമ്പാനൂരിലേക്കുള്ള റോഡിലും സിറ്റി ബസുകളുടെ നീണ്ടനിരയുണ്ടായി. ഇതോടൊപ്പം തമ്പാനൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ റെയിൽവേ സ്റ്റേഷന് മുന്നിലെ റൗണ്ടിലും നിറുത്തിയിട്ടു. ഇതോടെ നഗരത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വികാസ് ഭവൻ, പാപ്പനംകോട്, പേരൂർക്കട ഡിപ്പോകളിലും ബസുകൾ നിറുത്തിയിട്ട് ഡ്രൈവർമാർ മിന്നൽ പണിമുടക്കിൽ അണിചേർന്നു. ഈ സമയം സ്വകാര്യ ബസുകൾ യഥേഷ്ടം സർവീസ് നടത്തുന്നുണ്ടായിരുന്നു.
ചർച്ചയും ബഹളവും
സ്ത്രീകളടക്കമുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർ തടിച്ചുകൂടിയതോടെ വൻ പൊലീസ് സന്നാഹം സ്റ്റേഷന് മുന്നിൽ നിലയുറപ്പിച്ചു. പൊലീസിനെതിരെ ജീവനക്കാർ മുദ്രാവാക്യങ്ങളും വിളിച്ചു. പൊലീസും സ്വകാര്യ ബസുടമകളും ഒത്തുകളിക്കുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. ഉച്ചയ്ക്ക് മൂന്നോടെ യൂണിയൻ നേതാക്കളുമായി പൊലീസ് ചർച്ച നടത്തി. പിന്നാലെ കെ.എസ്.ആർ.ടി.സിയുടെ സൗത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാർ സ്റ്റേഷനിലെത്തി ട്രാഫിക് എ.സി സുൽഫിക്കർ അടക്കമുള്ളവരുമായി ചർച്ച നടത്തി. തുടർന്ന് ജീവനക്കാരെ സ്റ്രേഷൻ ജാമ്യത്തിൽ വിടാൻ ധാരണയായി. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യം പരിശോധിക്കുമെന്ന് എ.സി അറിയിച്ചു. തുടർന്ന് ജീവനക്കാരെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. അപ്പോഴും ബസ് സർവീസ് പുനരാരംഭിച്ചില്ല. ജീവനക്കാരെ വിട്ടയച്ചശേഷമേ ബസുകൾ സർവീസ് നടത്തുകയുള്ളൂവെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. വൈകിട്ട് 5.30 ഓടെ ഉദ്യോഗസ്ഥരെ പൊലീസ് വിട്ടയച്ചു. തുടർന്ന് ഇവരെ മാലയിട്ട് സ്വീകരിച്ച ജീവനക്കാർ നഗരത്തിൽ പ്രകടനവും നടത്തി. പിന്നാലെ ബസുകളും സർവീസ് പുനരാരംഭിച്ചു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കെ.എസ്.ആർ.ടി.സി ക്കെതിരെ സ്വമേധയാ കേസെടുത്തു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേസ്. കെ.എസ്.ആർ.ടി.സി എം.ഡിയും സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജില്ലാകളക്ടറും അന്വേഷിക്കും.