തിരുവനന്തപുരം: സമരക്കാരും അധികൃതരും അല്പം വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ തെരുവിൽ പൊലിയാതെ ആ ജീവൻ രക്ഷിക്കാമായിരുന്നു.

സമര കോലാഹലങ്ങൾക്കും സംഘർഷത്തിനും ഇടയിലുള്ള ആ ഒരു മണിക്കൂറാണ് കാച്ചാണി സ്വദേശിയായ സുരേന്ദ്രന്റെ ജീവൻ അപഹരിച്ചത്.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കിഴക്കേകോട്ട സ്റ്റാൻഡിൽ ബസ് കാത്തിരുന്ന സുരേന്ദ്രൻ കുഴഞ്ഞുവീണു. നെഞ്ചിൽ കെെവച്ച് വേദനയിൽ പുളഞ്ഞ സുരേന്ദ്രന് യാത്രക്കാരും പൊലീസും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ആംബുലൻസിനായി കാത്തിരുന്നെങ്കിലും എത്തിയില്ല. ഒരു വാഹനം പോലും അനങ്ങാത്ത നിലയിൽ നഗരം നിശ്ചലമായിരുന്നു. പൊലീസും യാത്രക്കാരും പല വാഹനങ്ങളെയും സമീപിച്ചെങ്കിലും എല്ലാ വഴികളും ബ്ലോക്കായിരുന്നു. പിന്നെ കാത്തിരിക്കുകയല്ലാതെ മാർഗമില്ലായിരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് ആംബുലൻസിലാണ് സുരേന്ദ്രനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തും മുൻപേ അദ്ദേഹം മരിച്ചെന്നും അല്പം നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും ഡോക്ടർമാർ അറിയിച്ചു.

ഫോർട്ട് സ്റ്റേഷനിൽ നിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോലിക്ക് പോകാൻ കാത്തിരിക്കെ മരണം വന്നു

ട്രക്ക് ഡ്രൈവറായ സുരേന്ദ്രൻ ഗോഡൗണിൽ നിന്ന് ലോറി എടുക്കാൻ പോകാനായി ബസ് കാത്തിരിക്കെയാണ് കുഴഞ്ഞു വീണത്. മൂന്ന് തവണ ഹൃദയാഘാതം വന്നതാണ്. രണ്ടു വർഷത്തെ വിശ്രമത്തിന് ശേഷം രണ്ടു മാസം മുൻപാണ് വീണ്ടും ജോലിക്കിറങ്ങിയത്. ബിവറേജസ് കോർപറേഷനുകളിൽ ലോഡുകൾ എത്തിക്കുന്ന ട്രക്കിന്റെ ഡ്രൈവറായിരുന്നു. ചാലക്കുടി ഗോഡൗണിൽ നിന്ന് ലോഡ് എടുക്കാൻ പോകാനിരിക്കെയായിരുന്നു അത്യാഹിതം. ഹൃദയത്തിൽ മൂന്നു ബ്ലോക്കുള്ള സുരേന്ദ്രന് ശസ്‌ത്രക്രിയ വേണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഗുളികകൾ കഴിച്ച് ജീവിതം തള്ളി നീക്കുകയായിരുന്നു.

 അച്ഛന്റെ ഫോൺ കാണാത്തതിനാൽ സിനി വിളിച്ചിരുന്നു. എന്നാൽ എടുത്തുമില്ല തിരിച്ചു വിളിച്ചതുമില്ല. ജോലിക്ക് പോകണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ പ്രശ്നമൊന്നുമില്ല, ജോലിക്ക് പോകുന്നതിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി അച്ഛൻ അറിയിച്ചിരുന്നു. എവിടെ നിന്നാണ് ലോറി എടുക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു.

-മരുമകൻ വിനോദ്.