ponmudi

വിതുര: കൊടിയ വേനൽചൂടിന് ശമനമേകി കഴിഞ്ഞ ദിവസം വിതുരയിൽ മഴ പെയ്തു. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് വിതുര, തൊളിക്കോട് മേഖലകളിൽ മഴ പെയ്തത്. ഒന്നര മണിക്കൂറോളം മഴ പെയ്തിറങ്ങി. കുംഭമാസം ഒന്നാം തീയതിയും വേനൽ മഴ പെയ്തിരുന്നു. പതിവിന് വിപരീതമായി ഇന്നലെ പകൽ കത്തുന്ന ചൂടാണ് അനുഭവപ്പെട്ടത്. വൈകിട്ട് നാലരമണിയോടെ ആരംഭിച്ച മഴ ആറ് മണിയോടെയാണ് അവസാനിച്ചത്. വിതുര, പൊൻമുടി, ബോണക്കാട് മേഖലകളിലും മഴയുണ്ടായിരുന്നു. മഴ കർഷകർക്കും ആശ്വാസം പകർന്നു.

അതേസമയം മഴയെത്തിയതോടെ വൈദ്യുതി അപ്രത്യക്ഷമായി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക മേഖലകളും രാത്രി ഇരുട്ടിന്റെ പിടിയിലായിരുന്നു. മഴയെ തുടർന്ന് റബർ മരങ്ങൾ വ്യാപകമായി ഒടിഞ്ഞും കടപുഴകിയും വൈദ്യുതി ലൈനുകൾക്ക് മീതേ വീണു. ഇതോടെ വൈദ്യുതി ബന്ധം പാടേ തകരാറിലാകുകയായിരുന്നു. പേരയത്തുപാറ ചാരുപാറ, മേഖലകളിൽ വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണ റബർ മരങ്ങൾ രാത്രിയിൽ തന്നെ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

പടം

ഇന്നലെ മഴ പെയ്തതിനെ തുടർന്ന് പൊൻമുടിയിൽ മൂടൽ മഞ്ഞ് നിറഞ്ഞപ്പോൾ, വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് സർവീസ് നടത്തിയത്