niyamasabha

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ.ആന്റണിക്കും ഭാര്യക്കും എതിരെ ജോൺ ഫെർണാണ്ടസിന്റെ പരാമർശവും എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച് പി.ടി. തോമസ് ഉന്നയിച്ച ആരോപണവും നിയമസഭയെ ബഹളത്തിലാഴ്ത്തി. ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കവേയാണ് ജോർജ് ഫെർണാണ്ടസ് വിവാദ പരാമർശം നടത്തിയത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ നടന്ന ആയുധ ഇടപാടിൽ കമ്മിഷനായി കിട്ടിയ തുക കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോയെന്നും ആന്റണിയുടെ ഭാര്യ വരച്ച ചിത്രം എയർ ഇന്ത്യ കോടികൾ കൊടുത്തു വാങ്ങിയതെന്നും പറഞ്ഞതാണ് വിവാദമായത്. സഭയിലില്ലാത്ത വ്യക്തികളെക്കുറിച്ച് പരാമർശങ്ങൾ പാടില്ലെന്നു പറഞ്ഞ് പ്രതിപക്ഷത്തുനിന്ന് പി.ടി തോമസും കെ.സി ജോസഫും എതിർപ്പ് പ്രകടിപ്പിച്ചു. ജോൺ ഫെർണാണ്ടസിനെ ന്യായീകരിച്ച് ടി.വി രാജേഷും എഴുന്നേറ്റതോടെ ബഹളമായി.
പ്രശ്നത്തിൽ ഇടപെട്ട മന്ത്രി ഇ.പി ജയരാജൻ ധനാഭ്യർത്ഥന ചർച്ചയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ വേണ്ടെന്ന് വ്യക്തമാക്കി.
പിന്നീട് മന്ത്രി മേഴ്സിക്കുട്ടിഅമ്മ മറുപടി പ്രസംഗം നടത്തുന്നതിനിടെ പി.ടി തോമസ് വിഷയം എടുത്തിട്ടു. എ.കെ.ജി സെന്ററിന് സ്ഥലം അനുവദിച്ചത് എ.കെ ആന്റണിയാണെന്നും പിന്നീട് എട്ടരസെന്റ് ഭൂമി അധികം കൈവശപ്പെടുത്തിയെന്നും പി.ടി ആരോപിച്ചു. കൈയേറിയ സ്ഥലം തിരിച്ചുകൊടുക്കാമോയെന്നും പി.ടി ചോദിച്ചു.

ഇതൊക്കെ നേരത്തേ അന്വേഷിച്ച് തള്ളിയതാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പി.ടി വിദഗ്ദ്ധനാണെന്നുമായിരുന്നു പരിഹാസരൂപേണ മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വീണ്ടും ബഹളമായി.
സഭ പിരിയുന്നതിനു മുൻപ് തന്നെ ആന്റണിക്കെതിരായ പരാമർശത്തിൽ റൂളിംഗ് വേണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു. അവസാന നിമിഷത്തിൽ ഇങ്ങനെ പറഞ്ഞാൽ നടക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പരാമർശം പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.