തിരുവനന്തപുരം: സ്വന്തം സ്വത്വം തുറന്ന് പറയാൻ മടിച്ചിരുന്ന കാലത്ത് നിന്നാണ് കാഴ്ചക്കാർ നിറഞ്ഞ സദസിലേയ്ക്ക് ഇവരെത്തിയത്. കണ്ണുനീരിന്റെ ചൂടും അവഗണനയുടെ കയ്പ്പും നിറഞ്ഞ വഴികളിലൂടെയാണ് കഥാപ്രസംഗ വേദിയിൽ മാനുഷയും നാദിറയും എത്തിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലാണ് ഇരുവരും മത്സരിച്ചത്. ജയിക്കാനുള്ള ആവേശത്തേക്കാൾ ജീവിതക്കാനുള്ള ഊർജമാണ് ഇവരിൽ കാണുന്നത്.
മാനുഷ പറഞ്ഞത് വേലുത്തമ്പി ദളവയുടെ കഥയാണ് . കാര്യവട്ടം ക്യാമ്പസിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പത്തനംതിട്ട സ്വദേശിനിയായ മാനുഷ ആഹ്ലാദ് നാടോടി നൃത്തത്തിലും മോണോആക്ടിലും പങ്കെടുക്കുന്നുണ്ട്.
മുഹമ്മദ് ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്'എന്ന കഥയാണ് നാദിറ അവതരിപ്പിച്ചത്.
മാപ്പിളപ്പാട്ടിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ നാദിറ മത്സരിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മത്സരമാെരുക്കിയത്. കഥാപ്രസംഗത്തിൽ മത്സരിച്ച ഇരുവർക്കും ഒന്നാം സ്ഥാനം ലഭിച്ചു.