തിരുവനന്തപുരം: കൈതമുക്ക് സംഭവത്തിലെ യുവതിക്കും കുടുംബത്തിനും നഗരസഭ ഫ്ളാറ്റ് കൈമാറുന്ന ചടങ്ങിൽ അവരെ അവഹേളിക്കുംവിധം സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ വസ്‌തുതകളാണ് പറഞ്ഞതെന്നും സദസിലിരുന്നവരിലാർക്കും അതൊരു പരിഹാസമാണെന്ന് തോന്നിയില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കുടുംബത്തെക്കുറിച്ച് മന്ത്രി മോശം പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം ഷാനിമോൾ ഉസ്‌മാൻ വിഷയം സഭയിൽ ഉന്നയിച്ചിരുന്നെങ്കിലും മന്ത്രി മറുപടി പറഞ്ഞിരുന്നില്ല. ഇന്നലെ ഷാനിമോൾ വീണ്ടും വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി വിശദീകരണം നൽകിയത്.