നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ നെടുമങ്ങാട്ട് യാത്രക്കാർ പെരുവഴിയിലായി. രണ്ടു മണിക്കൂറോളം പൊരിവെയിലിൽ വെന്തുരുകിയ യാത്രക്കാർ ജീവനക്കാർക്കും പൊലിസിനും നേരെ തട്ടിക്കയറി.ഓടിക്കൊണ്ടിരുന്ന ബസുകൾ റോഡ് വക്കുകളിൽ നിറുത്തിയിട്ടും യാത്രക്കാരെ നിർബന്ധിച്ച് പുറത്തിറക്കിയുമായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം.പരീക്ഷ എഴുതാൻ പുറപ്പെട്ട സ്കൂൾ കുട്ടികളടക്കം നടുറോഡിൽ വലഞ്ഞു.നെടുമങ്ങാട് ഡിപ്പോയിൽ അകപ്പെട്ട നാല്പതോളം ബസുകളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.പേരൂർക്കട,ആര്യനാട്,ആറ്റിങ്ങൽ, പാലോട്, വിതുര,കുളത്തൂപ്പുഴ ഡിപ്പോകളിലെ ബസുകളാണ്‌ ബസ് സ്റ്റാൻഡിൽ കുടുങ്ങിയത്.അപ്രതീക്ഷിത പണിമുടക്കിൽ അമ്പരന്നു പോയ യാത്രക്കാരെ പൊലീസും ജനപ്രതിനിധികളും ഇടപെട്ട് ആശ്വസിപ്പിച്ചു.രാവിലെ 11 മണിയോടെ നിറുത്തിയിട്ട ബസുകൾ ഉച്ചയ്ക്ക് ഒന്നോടെയാണ് ഓടിത്തുടങ്ങിയത്.നെടുമങ്ങാട് ഡി.ടി.ഒ സുരേഷ്‌കുമാറിന്റെയും സി.ഐ രാജേഷ്കുമാറിന്റെയും നേതൃത്വത്തിൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം നടന്നെങ്കിലും ജീവനക്കാർ വഴങ്ങിയില്ല.ഡിപ്പോയിൽ ബസുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത നിലയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ കച്ചേരിനട മുതൽ ചന്തമുക്ക് വരെയും പാളയം വരെയും യാത്രാവാഹനങ്ങൾ നിരന്നു കിടന്നു.പൊതുസ്ഥലത്ത് വാഹനങ്ങൾ നിറുത്തിയിടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ജീവനക്കാർക്കെതിരെ കേസ് എടുക്കുമെന്ന പൊലീസിന്റെ ഭീഷണിയാണ് ഫലിച്ചത്.ഡി.ടി.ഒ അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസുകൾ അതത് മേഖലകളിലേക്ക് സർവീസ് നടത്താൻ നിർദേശിക്കുകയായിരുന്നു.സംഭവത്തിൽ കെ.എസ്.ആർ.ടി.ഇ.എക്ക് പങ്കില്ലെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോനും സെക്രട്ടറി കെ.ബി ഗോപകുമാറും പറഞ്ഞു.