വെള്ളറട: ദമ്പതികളുടെ അപകട മരണം മുണ്ടനാട് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയാണ് മുണ്ടനാട് മണ്ണറത്തലയ്ക്കൽ ഗ്രാമത്തിൽ വാർത്ത എത്തിയത്. മണ്ണറത്തലയ്ക്കൽ വീട്ടിൽ ജോൺ ജോർജ് കുട്ടിയും (65) മേഴ്സി (60)യുമാണ് മരിച്ചത്. വെള്ളനാടിന് സമീപം കുളക്കോട്ട്, അമിത വേഗതയിൽ വന്ന ടിപ്പർ ലോറിയാണ് ബൈക്ക് യാത്രികരായ ദമ്പതികളുടെ ജീവൻ അപഹരിച്ചത്. ഇളയ മകൻ സാജൻ ജോണിന്റെ ഭാര്യയുടെ അനുജത്തിയുടെ കുട്ടിയുടെ ബെർത്ത്ഡേപാർട്ടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വച്ച് മകൻ അവരുടെ താമസ സ്ഥലമായ കൊട്ടാരക്കര ആനക്കോട്ടൂരിലേക്ക് കൂട്ടികൊണ്ടുപോയി. രണ്ടു ദിവസം അവിടെ ചെലഴിച്ചശേഷം മൂന്നാം തീയതി ഉച്ചയ്ക്ക് തിരുവല്ലയിലുള്ള മേഴ്സിയുടെ ജേഷ്ഠത്തിയുടെ വീട്ടിൽ എത്തിയിരുന്ന ഇവർ ഇന്നലെ രാവിലെ അവിടെ നിന്ന് നെടുമങ്ങാട് ബസ് കയറുകയായിരുന്നു. നെടുമങ്ങാട് ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കുമെടുത്ത് ഡാലുമുഖത്തെ വീട്ടിലേക്ക് വരുന്ന വഴിയാണ് ടിപ്പർ ഇടിച്ചത്. കോൺഗ്രസ് മുണ്ടനാട് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് ജോർജ്കുട്ടിയെന്ന നാട്ടുകാരുടെ ശശി അണ്ണൻ. ടാപ്പിംഗ് തൊഴിലാളിയാണ്. മൂന്നു മക്കളാണ് ഇവർക്ക്. മൂത്ത മകൾ കാട്ടാക്കട താലൂക്ക് ഓഫീസിലാണ്. രണ്ടാമത്തെ മകൾ കോടങ്കര എൽ.എം.എസ് എൽ പി സ്കൂൾ അദ്ധ്യാപികയാണ്. സാജൻ ജോൺ ആനക്കോട്ടൂർ സെവന്ത് ഡേ ആർ മി ചർച്ചിലെ ക്യാപ്റ്റനാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൂന്നു മണിയോടുകൂടി വീട്ടുവളപ്പിൽ സംസ്കരിക്കും.