womens-world-cup-indian-t
womens world cup indian team semi

വനിതാ ട്വന്റി 20 ലോകകപ്പിൽ
ഇന്ത്യ ഇംഗ്ളണ്ട് സെമിഫൈനൽ ഇന്ന്

സിഡ്‌നി : ചരിത്രത്തിലെ ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും തമ്മിലുള്ള അകലം ഇനി രണ്ടേ രണ്ട് മത്സരങ്ങൾ മാത്രം. ഇന്ന് സെമിഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചാൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് ഫൈനൽ. പക്ഷേ ഇന്ത്യയ്ക്ക് ഇന്ന് ഫൈനലിന് മുന്നേയുള്ള ഫൈനൽ പോലെയാണ് ഇംഗ്ളണ്ടിനെതിരായ സെമി. കാരണം ഇതുവരെ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ളണ്ടിനെ നേരിട്ടപ്പോഴൊന്നും വിജയം നേടാനായിട്ടില്ല. ഇതുവരെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുമില്ല.

ഇക്കുറി ചരിത്രം മാറ്റിയെഴുതും എന്നുറപ്പിച്ച് തന്നെയാണ് ഹർമൻ പ്രീത് കൗറും കൂട്ടരും ഇറങ്ങുന്നത്. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആദ്യം സെമി ബർത്ത് ഉറപ്പിച്ചത് ഇന്ത്യയാണ്. ആദ്യ കളി തോറ്റശേഷമാണ് ഇംഗ്ളണ്ടിന് സെമിയിലേക്ക് എത്താനായത്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയെ നേരിടും.ബി ഗ്രൂപ്പ് ചാമ്പ്യൻമാരാണ് ദക്ഷിണാഫ്രിക്ക. ആസ്ട്രേലിയ എ ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും.

ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ 17 റൺസിന് അട്ടിമറിച്ച് ഹർമൻ പ്രീത് കൗറും കൂട്ടരും തുടർന്ന് ബംഗ്ളാദേശിനെ 18 റൺസിനും ന്യൂസിലാൻഡിനെ മൂന്ന് റൺസിനും ശ്രീലങ്കയെ ഏഴ് വിക്കറ്റിനും കീഴടക്കി. ആദ്യകളിയിൽ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് തോറ്റ ഇംഗ്ളണ്ട് തുടർന്ന് തായ്‌ലാൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിവരെ കീഴടക്കിയാണ് സെമി ബർത്ത് നേടിയത്. ടൂർണമെന്റിൽ ഇതുവരെ ഒാരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം 193 റൺസ് നേടി റൺ വേട്ടയിൽ രണ്ടാംസ്ഥാനത്തുള്ള ഹീതർ നൈറ്റാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്.

ഇന്ത്യയുടെ തുറുപ്പു ചീട്ടുകൾ

ഷെഫാലി വർമ്മ

കഴിഞ്ഞ നാല് മത്സരങ്ങളിൽനിന്ന് 161 റൺസ് നേടി ഇന്ത്യയുടെ ടൂർണമെന്റിലെ ടോപ് സ്കോററായ കൗമാര പ്രതിഭ.

ജെമീമ റോഡ്രിഗസ്

ട്വന്റി 20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരം.

പൂനം യാദവ്

നാല് കളിയിൽനിന്ന് ഒൻപത് വിക്കറ്റുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള ലെഗ്സ്‌പിന്നർ.

ശിഖ പാണ്ഡെ

ഇതുവരെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞ മീഡിയം പേസർ

ക്യാപ്ടൻ ഹർമൻപ്രീത് കൗർ, പരിചയസമ്പന്നരായ സ്മൃതി മന്ദാന, വേദ കൃഷ്ണമൂർത്തി, താനിയ ഭാട്യ എന്നിവർകൂടി ബാറ്റിംഗിൽ ഫോമിലേക്കുയരുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിനെതിരെ വിജയം നേടാനാകും.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചത് ഇംഗ്ളണ്ടാണ്. അതിന് പ്രതികാരം ചെയ്യാനാണ് ഹർമൻ പ്രീതും കൂട്ടരും ഇന്നിറങ്ങുന്നത്.

5

തവണയാണ് ഇന്ത്യയും ഇംഗ്ളണ്ടും ട്വന്റി 20 ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയിരിക്കുന്നത്. അഞ്ചുതവണയും ജയിച്ചത് ഇംഗ്ളണ്ട്.

പൂനം യാദവിന്റെ ലെഗ്‌സ‌്‌പിന്നാണ് ഇന്ത്യൻ ടീമിൽനിന്ന് ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൂനത്തിനെ മെരുക്കാൻ കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിൽ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇത്തവണയും അത് സാധിക്കും.

ഹീതർ നൈറ്റ്

ഇംഗ്ളണ്ട് ക്യാപ്ടൻ

ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രകടനത്തെക്കാൾ ടീമായുള്ള പോരാട്ടങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ആ ഒത്തൊരുമ തന്നെയാണ് സെമിഫൈനൽ വരെ എത്തിച്ചിരിക്കുന്നതും.

ഹർമൻ പ്രീത് കൗർ

ഇന്ത്യൻ ക്യാപ്ടൻ

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ : ഹർമൻ പ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, വേദകൃഷ്ണ മൂർത്തി, താനിയ ഭാട്യ, ഹർലീൻ ഡിയോൾ, രാജേശ്വരി ഗേയ്ക്ക് ഹദ്, റിച്ചഘോഷ്, ശിഖപാണ്ഡെ, ഷെഫാലി ബർമ്മ, പൂനം യാദവ്, അരുന്ധതി റെഡ്ഡി , ദീപ്തി ശർമ്മ, പൂജാവസ്ത്രാകർ, രാധായാദവ്.

ഇംഗ്ളണ്ട് : ഹീതർ നൈറ്റ് ക്യാപ്ടൻ, ടാമ്മി ബ്യൂമോണ്ട്, കാതറിൻ ബ്രണ്ട്, കേറ്റ് ക്രോസ്, ഫ്രേയാ ഡേവിഡ്, സോഫി എക്‌ളസ്റ്റോൺ, ജോർജിയ എൽവിസ്, സാറാ ഗ്ളെൻ, അമി ജോൺസ്, നതാലി ഷീവർ, അന്യ ഷ്‌റബ്സോൾ, മാഡിവില്ലിയേഴ്സ്, ഫ്രാൻ വിൽസൺ, ലൗറൻ വിൻഫീൽഡ്, ഡാനിവ്യാറ്റ്.

ടി.വി. ലൈവ്: സ്റ്റാർ സ്പോർട്സിൽ

ഒന്നാം റാങ്കിൽ ഷെഫാലിബർമ്മ

സിഡ്നി : ലോകകപ്പിലെ അതിഗംഭീര പ്രകടനത്തോടെ ഇന്ത്യൻ കൗമാര താരം ഷെഫാലി ബർമ്മ ഐ.സി.സി വനിതാ ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തി.

ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് 161 റൺസ് നേടിക്കഴിഞ്ഞ ഷെഫാലി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സിനെ പിന്തള്ളിയാണ് ഒന്നാം റാങ്കിലേക്ക് എത്തിയത്. 2018 ഒക്ടോബറിൽ വിൻഡീസ് ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലറിൽ നിന്ന് ഒന്നാം റാങ്ക് ഏറ്റെടുത്തിരുന്ന സൂസി ഇത്രയും നാൾ കാത്തുസൂക്ഷിച്ച സിംഹാസനമാണ് 16-ാം വയസിൽ ഷെഫാലി സ്വന്തമാക്കിയത്.

19

പടവുകൾ കയറിയാണ് ഷെഫാലി ഒന്നാം റാങ്കിലേക്ക് എത്തിയത്. ലോകകപ്പിന് മുമ്പ് 20-ാം റാങ്കിലായിരുന്നു ഇൗ കൗമാരക്കാരി.

18

അന്താരാഷ്ട്ര ട്വന്റി 20 കൾ മാത്രമാണ് ടോപ് റാങ്കിലെത്താൻ ഷെഫാലിക്ക് വേണ്ടിവന്നത്.

മിഥാലി രാജിന് ശേഷം വനിതാ ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഷെഫാലി.

6

ഇന്ത്യൻ ഉപനായിക സ്മൃതി മന്ദാന രണ്ട് പടവ് ഇറങ്ങി ആറാം റാങ്കിലെത്തി.

9

യുവതാരം ജെമീമ റോഡ്രിഗസ് രണ്ട് പടവ് ഇറങ്ങി ഒൻപതാം സ്ഥാനത്തെത്തി.

4

ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ പൂനം യാദവ് നാലാം സ്ഥാനത്താണ്.

ടീമിലെ കുസൃതിക്കുടുക്കയാണ് ഷെഫാലി . അവളുടെ കളിയും ചിരിയും തമാശകളും ഞങ്ങൾക്ക് ഏറെ പോസിറ്റീവ് എനർജി നൽകുന്നു.

ഹെർമൻ പ്രീത് കൗർ

പോയിന്റ് നില

(ടീം, കളി ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ)

ഗ്രൂപ്പ് എ

ഇന്ത്യ 4-4-0-0-8

ആസ്ട്രേലിയ 4-3-1-0-6

ന്യൂസിലാൻഡ് 4-2-2-0-4

ശ്രീലങ്ക 4-1-3-0-2

ബംഗ്ളാദേശ് 4-0-4-0-0

ഗ്രൂപ്പ് ബി

ദക്ഷിണാഫ്രിക്ക 4-3-0-1-7

ഇംഗ്ളണ്ട് 4-3-1-0-6

വെസ്റ്റ് ഇൻഡീസ് 4-1-2-1-3

പാകിസ്ഥാൻ 4-1-2-1-3

തായ്‌ലാൻഡ് 4-0-3-1-1

9.30 am

ഇന്ത്യ Vs ഇംഗ്ളണ്ട് സെമി

1.30 pm

ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക

ഇൗ ലോകകപ്പിൽ ഫൈനലിലെത്താൻ ഏറ്റവും സാദ്ധ്യതയുള്ള ടീം ഇന്ത്യയാണ്. ഇംഗ്ളണ്ടിന് ഏറെ പണിപ്പെട്ടാൽ മാത്രമേ ഇന്ത്യയെ തടുത്തുനിറുത്താൻ കഴിയൂ.

ബ്രെറ്റ്‌ലി

മുൻ ഒാസീസ് ക്രിക്കറ്റർ