തിരുവനന്തപുരം: വർക്കല എസ്.എൻ കോളേജിലെ ബി.എ മലയാളം അവസാന വർഷ വിദ്യാർത്ഥിയായ ശിവകാമി കഥാപ്രസംഗത്തിൽ മത്സരിക്കാനെത്തിയത് മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകതയുമായാണ്. തന്റെ അമ്മ എഴുതിയ കഥയാണ് വേദിയിൽ ഈ മകൾ അവതരിപ്പിച്ചത്. കഥ പറച്ചിലും തീരെ മോശമായില്ല, ഒന്നാം സ്ഥാനം ഈസിയായി ശിവകാമിക്കൊപ്പം പോരുകയും ചെയ്തു.
പാകിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തിയ മലാലയുടെ കഥയായ 'ഗുൽമക്കായ അഥവാ ചോളപ്പൂവ് ' എന്ന കഥയാണ് ശിവകാമി അവതരിപ്പിച്ചത്. ഡൽഹി കലാപം ഉൾപ്പെടെ സമകാലീക സംഭവങ്ങൾ കൂടി ചേർത്ത് ഭീകരതയ്ക്കെതിരെയുള്ള സന്ദേശം നൽകിയ കഥയെ കാണികൾ കരഘോഷങ്ങളോടെ സ്വീകരിച്ചു.
തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപികയാണ് ശിവകാമിയുടെ അമ്മ ബിന്ദു. എഴുത്തിനെ ഏറെ ഇഷ്ടപ്പെടുന്ന ബിന്ദു മൂന്ന് വർഷങ്ങൾക്ക് മുൻപ് മകൾക്ക് മത്സരത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് കഥാപ്രസംഗം എഴുതിയത്. ഈ ഒരു കഥാപ്രസംഗമേ എഴുതിയിട്ടുള്ളു. കഴിഞ്ഞ രണ്ട് സർവ്വകലാശാല കലോത്സവത്തിലും അമ്മ എഴുതി നൽകിയ കഥ പറഞ്ഞാണ് ശിവകാമി സമ്മാനം നേടിയത്. സ്‌കൂൾ കലോത്സവവേദികളിലും കഥാപ്രസംഗത്തിൽ ഈ മിടുക്കി നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.