മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ സ്പിന്നർ സുനിൽ ജോഷിയെ തിരഞ്ഞെടുത്തു. മുൻ പേസർ ഹർവീന്ദർ സിംഗിനെ സെലക്ടറായും നിശ്ചയിച്ചു.
മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാൽ, ആർ.പി. സിംഗ്, സുലക്ഷണ നായ്ക്ക് എന്നിവരടങ്ങിയ ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇന്നലെ പുതിയ ചീഫ് സെലക്ടറെ തിരഞ്ഞെടുത്തത്. കാലാവധി കഴിഞ്ഞ എം.എസ്.കെ പ്രസാദിന് പകരമാണ് സുനിൽ ജോഷിയെ നിയമിക്കുന്നത്. പ്രസാദിനെപ്പോലെ സൗത്ത് സോണിന്റെ പ്രതിനിധിയാണ് ജോഷിയും. സെൻട്രൽ സോൺ പ്രതിനിധിയായി കാലാവധി പൂർത്തിയാക്കിയ ഗഗൻ ഘോഡയ്ക്ക് പകരമാണ് ഹർവിന്ദർ എത്തുന്നത്. നാലുവർഷത്തേക്കാണ് പുതിയ സെലക്ടർമാരുടെ നിയമനം.
ജതിൻ പരഞ്പെ (വെസ്റ്റ്സോൺ), ദേവാംഗ് ഗാന്ധി (ഇൗസ്റ്റ്), ശരൺ ദീപ് സിംഗ് (നോർത്ത്) എന്നിവരാണ് നിലവിലുള്ള മറ്റ് സെലക്ടർമാർ.
40 അപേക്ഷകരുടെ പട്ടികയിൽ നിന്ന്ജോഷി, ഹർവിന്ദർ, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാൻ, എൽ.എസ്. ശിവരാമകൃഷ്ണൻ എന്നിവരെയാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഇന്റർവ്യൂവിന് ക്ഷണിച്ചത്. മുൻ താരങ്ങളായ അജിത് അഗാർക്കർ, നയൻ മോംഗിയ എന്നിവർ അപേക്ഷിച്ചെങ്കിലും ഇന്റർവ്യൂവിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചില്ല. അഗാർക്കറെ അടുത്ത തവണ പരിഗണിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
49 കാരനായ സുനിൽ ജോഷി 1996 നും 2001 നും ഇടയിൽ 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 41 വിക്കറ്റുകളും ഏകദിനത്തിൽ 69 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
42 കാരനായ ഹർവിന്ദർ 1998 നും 2001 നും ഇടയിൽ മൂന്ന് ടെസ്റ്റുകളും 16 ഏകദിനങ്ങളും ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.