മുംബയ് : ഇന്ത്യൻ ക്രിക്കറ്റിലും സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ നൽകി ഇത്തവണത്തെ ഐ.പി.എൽ പ്ളേ ഒഫ് വിജയികൾക്കുള്ള സമ്മാനത്തുക പകുതിയായി വെട്ടിക്കുറച്ചു.
ഇന്നലെ അപ്രതീക്ഷിതമായാണ് ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സർക്കുലർ എട്ട് ടീമുകൾക്കും അയച്ചത്. ഇൗ തീരുമാനത്തിനെതിരെ ഫ്രാഞ്ചൈസികൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
പുതിയ തീരുമാനപ്രകാരം ഐ.പി.എൽ കിരീട വിജയികൾക്കുള്ള സമ്മാനത്തുക 10 കോടി ആയിരിക്കും. കഴിഞ്ഞവർഷം ഇത് 20 കോടി ആയിരുന്നു. റണ്ണർ അപ്പുകൾക്ക് 6.25 കോടിരൂപ യേ നൽകുകയുള്ളൂ. മൂന്നാംസ്ഥാനക്കാർക്കും നാലാം സ്ഥാനക്കാർക്കും 4.375 കോടിവീതം നൽകും.
സാമ്പത്തിക നിയന്ത്രണത്തിന് മറ്റുചില നിർദ്ദേശങ്ങളും ബി.സി.സി.ഐ നൽകിയിട്ടുണ്ട്.
. ചെലവ് കുറയ്ക്കാനായി ഇത്തവണ ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിക്കും.
. ഒാരോ മത്സരത്തിനും അതത് സംസ്ഥാന അസോസിയേഷനുകൾക്ക് ടീമുകൾ നൽകേണ്ട തുക 30 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തി.
. ബി.സി.സി.ഐ സ്റ്റാഫുകൾക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് അനുവദിച്ചിരുന്ന ബിസിനസ് ക്ളാസ് ടിക്കറ്റുകൾക്ക് പകരം ഇക്കോണമി ടിക്കറ്റുകൾ നൽകും.