തിരുവനന്തപുരം:കുമരകം വില്ലേജിലെ മെത്രാൻ കായൽ ഭൂമി ടൂറിസം പദ്ധതിക്ക് കൈമാറിക്കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കായൽ പാടശേഖരത്തിൽ ടൂറിസം പദ്ധതി നടപ്പാക്കാൻ റക്കിൻഡോ കുമരകം റിസോർട്ടിന് അനുമതി നൽകി 2016 മാർച്ച് ഒന്നിന് ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സ്ഥലം നെൽകൃഷി ചെയ്തു വന്നതാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് റദ്ദാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് അടക്കം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വിവിധ മത, സാമൂഹ്യ, സാംസ്കാരിക സംഘടനകൾക്ക് വിദ്യാഭ്യാസമടക്കമുള്ള ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയുടെ അനുമതിയും റദ്ദാക്കും.
ഇടതു സർക്കാർ അധികാരത്തിലെത്തിയ ഉടൻ വിവാദ ഭൂമിയിടപാടുകളെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാർ നാലാം വർഷം പൂർത്തിയാക്കാറാകുമ്പോഴാണ് ,പതിച്ചുനൽകാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ ഭൂമിയുടെ അനുമതി റദ്ദാക്കുന്നത്.ഭൂമി കൈവശം വച്ചിരിക്കുന്നവർ സമീപിച്ചാൽ പാട്ടത്തിന് നൽകും.
റദ്ദാക്കപ്പെടുന്ന മറ്റ്
ഭൂമിയിൽ ചിലത്:
71.85ആർ കൂടൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് നൽകിയത്.
40.47ആർ : പത്തനംതിട്ട തണ്ണിത്തോട് എസ്.എൻ.ഡി.പി യോഗത്തിന് നൽകിയത്.
1.75 ആർ : പത്തനംതിട്ട കോന്നി ചിറ്റാറിൽ എസ്.എൻ.ഡി.പി യോഗത്തിന് നൽകിയത്.
1.58 ഹെക്ടർ: തണ്ണിത്തോട് മലങ്കര കത്തോലിക്ക പള്ളിക്ക് നൽകിയത്.
1.26 ഹെക്ടർ: തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് പള്ളിക്ക് നൽകിയത്.
10.60 ആർ: തണ്ണിത്തോട് സെന്റ് തോമസ് സ്കൂളിന് നൽകിയത്.