തിരുവനന്തപുരം: നിയമം ലംഘനം നടത്തിയത് സ്വകാര്യ ബസുകാരോ, പൊലീസോ കെ.എസ്.ആർ.ടി.സിക്കാരോ ആരുമാകട്ടെ. അതിന്റെ പേരിൽ പൊരി വെയിലിൽ റോഡിൽ കിടന്ന് നരകിച്ചത് കെ.എസ്.ആർ.ടി.സി എന്ന പൊതുമേഖലാ സ്ഥാപനത്തെ താങ്ങി നിറുത്തുന്ന യാത്രക്കാരാണ്..അഥവാ, അന്നദാതാക്കൾ.
ഇന്നലെ കിഴക്കേകോട്ടയിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾക്കിടയിലാണ് കെ.എസ്.ആർ.ടി.സിയിലെ എ.ടി.ഒ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് .കോർപ്പറേഷനിലെയും ഗാതാഗത വകുപ്പിലെയും ഉന്നതർ ഉടനെ ഇടപെട്ടാൽ തീരാവുന്ന പ്രശ്നം. എന്നാൽ നഗരത്തിലാകെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകൾ നടത്തിയ മിന്നൽ പണിമുടക്കിൽ ദീർഘദൂരയാത്രക്കാരുൾപ്പെടെയാണ് വലഞ്ഞത്. സിറ്റി ഡിപ്പോയിൽ മാത്രം ഒതുങ്ങാതെ മിന്നൽ പണിമുടക്ക് തമ്പാനൂരിൽ നിന്ന് പുറപ്പെടുന്ന മറ്റെല്ലാ സർവീസുകളേയും ബാധിച്ചു. സർവീസ് നടത്തിവന്ന ബസുകൾ പോലും ഉപേക്ഷിച്ച് ജീവനക്കാർ ചാടിയിറങ്ങി പുറത്തേക്കു പോയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ബസിനകത്ത് വിയർത്തു കുളിച്ചിരിക്കാനേ യാത്രക്കാർക്ക് കഴിഞ്ഞുള്ളൂ. കുട്ടികളും സ്ത്രീകളും വൃദ്ധരും ഉൾപ്പെടെ നരകയാതന ശരിക്കും അനുഭവിച്ചു. ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്തവരും ബസിൽ കയറിയ ശേഷം ടിക്കറ്റ് എടുത്തവരും പ്രതിഷേധിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല.
രാവിലെ 11ന് ആരംഭിച്ച സ്തംഭനം പൂർണ്ണമായി അയയാൻ വൈകിട്ട് ആറ് മണിയായി. തിരുവന്തപുരത്തു നിന്നും തൃശൂരിൽ പോകാൻ ബസിൽ കയറിയിരുന്നവർ അവിടെ എത്തേണ്ട സമയം കഴിഞ്ഞിട്ടും ബസ് നീങ്ങിത്തുടങ്ങിയില്ല. കുറെയേറെപ്പേർ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. കിട്ടിയ ട്രെയിനുകളിൽ തിങ്ങിഞെരുങ്ങി ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെട്ടു.
നഷ്ടം അരക്കോടി
ഇന്നലത്തെ മിന്നൽ പണിമുടക്ക് കാരണം കെ.എസ്.ആർ.ടി.സിക്ക് നഷ്ടം ഏഴും ലക്ഷം വരെയാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അന്തർസംസ്ഥാന ബസ് സർവീസ് ഉൾപ്പെടെ മുടങ്ങിയ സാഹചര്യത്തിൽ നഷ്ടം 50 ലക്ഷത്തോളം വരുമെന്നാണ് സൂചന.
''ജനങ്ങളെ പെരുവഴിയിലാക്കുന്ന മിന്നൽ പണിമുടക്ക് അംഗീകരിക്കാനാവില്ല. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും സ്വതന്ത്ര്യമുണ്ടെങ്കിലും അതിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ശരിയല്ല''.
- എ.കെ.ശശീന്ദ്രൻ,
ഗതാഗതമന്ത്രി