ലൊസാന്നെ : ഇൗവർഷം ജൂലായ് ആഗസ്റ്റ് മാസങ്ങളിലായി ജപ്പാനിലെ ടോക്കിയോയിൽ നടക്കേണ്ട ഒളിമ്പിക്സ് കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചോ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി. ഗെയിംസ് വേണമെങ്കിൽ ഇൗവർഷം ഒടുവിലേക്ക് മാറ്റാമെന്ന ജാപ്പനീസ് ഗവൺമെന്റിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച്.
2020 അവസാനിക്കുന്നതിന് മുമ്പ് ഒളിമ്പിക്സ് നടത്താനാണ് ജപ്പാനും ഐ.ഒ.സിയും കരാർ ഒപ്പിട്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഗെയിംസ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കഴിഞ്ഞദിവസം ജാപ്പനീസ് കായികമന്ത്രി സീക്കോ ഹാഷി മോട്ടോ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ ഗെയിംസ് നടത്തണമെന്ന നിലപാടാണ് ഐ.ഒ.സിക്ക് ഉള്ളത്. കായികതാരങ്ങളുടെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകൾ തുടരാനും മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇന്നലെ തോമസ് ബാച്ച് പറഞ്ഞു.
അതേസമയം ഗെയിംസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്നും ഏത് വിധേനെയും നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടോക്കിയോ ഒളിമ്പിക്സ് ഒാർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് യോഷിറോ മോറി ഇന്നലെ പറഞ്ഞു. അതേസമയം തീയതി മാറ്റുന്നതിനെക്കുറിച്ച് പറയാൻ താൻ ദൈവമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ കൊറോണ
ജപ്പാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഇതിൽ 706 പേർ യോക്കോഹാമ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പിലാണ് ആകെ 12 മരണങ്ങളാണ് രാജ്യത്ത് നടന്നത്. ഇതിൽ ആറുപേർ ഡയമണ്ട് പ്രിൻസസിലായിരുന്നു.
ജപ്പാനിലെ സ്കൂളുകൾ ഇൗമാസം മുഴുവൻ അടച്ചിടുകയാണ്. തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കായിക മത്സരങ്ങളും നടത്തേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.
തീയതി മാറ്റിയാൽ
ഒളിമ്പിക്സിന്റെ തീയതി മാറ്റിയാൽ അന്താരാഷ്ട്ര കായിക കലണ്ടർ മൊത്തത്തിൽ താളം തെറ്റും എന്നതിനാലാണ് ഒളിമ്പിക് കമ്മിറ്റി നിശ്ചിത സമയത്ത് തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്. എന്നാൽ യോഗ്യതാ ടൂർണമെന്റുകളിൽ പലതും നടക്കാത്തത് ഒളിമ്പിക്സിനെ ബാധിക്കും.
നിശ്ചയിച്ച സമയത്ത് ഒളിമ്പിക്സ് നടത്താൻ തന്നെയാണ് തീരുമാനം. പ്ളാൻ ബി എന്നൊന്നില്ല. കായിക താരങ്ങൾ പരിശീലനം നിറുത്തിവയ്ക്കേണ്ട ഗെയിംസ് നടത്താൻ സംഘാടക സമിതിക്ക് എല്ലാ പിന്തുണയും നൽകും.
തോമസ് ബാച്ച്
ഐ.ഒ.സി പ്രസിഡന്റ്
ഒളിമ്പിക്സ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതേയില്ല. തീയതി മാറ്റേണ്ടിവരുമോ എന്നതിനെപ്പറ്റിപറയാൻ ഞാൻ ദൈവമൊന്നുമല്ല.
യോഷിറോ മോറി
ടോക്കിയോ സംഘാടകസമിതി
പ്രസിഡന്റ്
കുരുക്കിലായ മത്സരങ്ങൾ
. ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കൊറോണ ഭീതി മൂലം മനിലയിലേക്ക് മാറ്റി.
. ഡൽഹിയിലെ ഷൂട്ടിംഗ് ലോകകപ്പിൽ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കില്ല.
. യു.എ. ഇയിൽ സൈക്ളിംഗ് മത്സരങ്ങൾക്കെത്തിയ ഫ്രഞ്ച് താരങ്ങളെ മാർച്ച് 14 വരെ മാറ്റിപാർപ്പിക്കും.
. ടോക്കിയോ ഒളിമ്പിക്സിന്റെ റഗ്ബി വേദിയിൽ നടത്താനിരുന്ന റഗ്ബി ടെസ്റ്റ് ഇവന്റ് റദ്ദാക്കി.
. യുവന്റസും എ.സി മിലാനും തമ്മിലുള്ള ഇറ്റാലിയൻ കപ്പ് ഫുട്ബാൾ മത്സരം മാറ്റിവച്ചു.
. അടുത്തയാഴ്ച വലൻസിയയും അറ്റലാന്റയും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കാണികളെ ഒഴിവാക്കി നടത്തും.