തിരുവനന്തപുരം: പൊലീസ് നടത്തുന്ന പർച്ചേസുകൾക്കും ഏർപ്പെടുന്ന സേവനകരാറുകൾക്കും
പുതിയ മാനദണ്ഡവും ചട്ടവും രൂപീകരിക്കും. ഇതു
സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊലീസ്, ജയിൽ വകുപ്പുകളിലെ പരിഷ്കാരം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അദ്ധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരായിരിക്കും ഈ കമ്മിഷന്റെയും അദ്ധ്യക്ഷൻ. മുൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളായിരിക്കും.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പൊലീസ് വകുപ്പിലെ പർച്ചേസുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം.
പർച്ചേസ് നടത്തുമ്പോൾ നിലവിലെ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കാൻ വേണ്ടിവരുന്ന കാലദൈർഘ്യം സുരക്ഷാ കാര്യത്തിൽ വീഴ്ചയായി പരിണമിക്കുമെന്നാണ് പൊലീസിന്റെ വാദം.
ടി.എസ്.പി പരിശോധിക്കാൻ കമ്മിറ്റി
സർക്കാർ വകുപ്പുകളിൽ പർച്ചേസുകൾ നടത്താനും സേവനകരാറുകൾ ഉറപ്പിക്കാനും ടോട്ടൽ സൊലുഷൻ പ്രൊവൈഡേഴ്സിനെ (ടി.എസ്.പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി മൂന്ന് സീനിയർ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ധനകാര്യ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിമാരും പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ മുഖേനയാണ് ടി.എസ്.പി രീതിയിൽ പർച്ചേസുകൾ നടത്തുന്നതും സേവനകരാറുകൾ ഉറപ്പിക്കുന്നതും. കെൽട്രോൺ, സിഡ്‌കോ എന്നീ സ്ഥാപനങ്ങൾ ടി.എസ്.പിയായി പ്രവർത്തിച്ചിട്ടുള്ള കരാറുകൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.
പൊലീസ് ആസ്ഥാനത്തെ പർച്ചേസുകളുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെയും ആരോപണമുയർന്ന പശ്ചാത്തലത്തിൽ കെൽട്രോണിന്റെ വീഴ്ച വ്യവസായവകുപ്പ് പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.