തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാവുന്ന സംസ്കാരം വളർത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയിൽ ഉൾപ്പെട്ടതാണ് 'പഠനത്തോടൊപ്പം തൊഴിൽ'. പഠനത്തിന് തടസം വരാത്ത രീതിയിൽ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വർഷത്തിൽ 90 ദിവസം വിദ്യാർത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ സംരംഭങ്ങളും വേതനത്തിനായി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാർട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഓണറേറിയം നൽകുന്നതിന് അനുമതി നൽകും.

പഠനത്തോടൊപ്പം തൊഴിൽ പദ്ധതിയുടെ നോഡൽ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്തും. 18നും 25നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്സിഡി

പുതുവർഷത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുൾപ്പെട്ട 'മഴമറകൾ' പദ്ധതി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. ഓരോ കൃഷിഭവന് കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകൾ). 75 ശതമാനം സബ്സിഡി നൽകിക്കൊണ്ട് 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പച്ചക്കറിവികസന പദ്ധതിയിൻ കീഴിൽ ഇത് നടപ്പാക്കും.

വെണ്ട. വഴുതിന, ചീര, പയർ, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവർഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാൻ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തിൽ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റർ മുതൽ 100 ചതുരശ്രമീറ്റർ വരെ വിസ്തൃതിയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.