kerala-

തൃക്കാക്കര: പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ പിടിയിലായ നിധിനും, ഭാര്യ ഷിന്റുവിനും കേസിൽ പങ്കില്ലെന്ന് കേസിലെ മുഖ്യ സൂത്രധാരൻ സിവിൽ ലൈൻ റോഡിൽ മാധവം വീട്ടിൽ മഹേഷ്.ബി പൊലീസിന് മൊഴിനൽകി. ഇവർ പിടിക്കപ്പെട്ട വർത്തയറിഞ്ഞാണ് താൻ എത്തിയതെന്നും മഹേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണു പ്രസാദിന്റെ നിർദേശത്തെത്തുടർന്നാണ് തന്റെ സുഹൃത്തുക്കളായ സി.പി.എം നേതാക്കളായ നിധിന്റെ ഭാര്യയുടെയും,അൻവറിന്റെയും അക്കൗണ്ട് നമ്പറുകൾ വാങ്ങിനൽകിയത്.

പ്രളയദുരിതാശ്വാസ ഫണ്ടാണ് ഇവരുടെ അക്കൗണ്ടിൽ വരുന്നതെന്ന് ഇവർക്ക് അറിയില്ലായിരുന്നതായും മഹേഷ് മൊഴി നൽകി. കേസിലെ രണ്ടാം പ്രതിയാണ് മഹേഷ്. ഇന്നലെ അറസ്റ്റിലായ നിധിന്റെ ഭാര്യയുടെ ദേനാ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് താൻ നേരിട്ട് വന്നാണ് തുക മാറിയെടുത്തതെന്നും പറഞ്ഞു. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിനും മഹേഷിനും മാത്രമേ ഈ വെട്ടിപ്പിനെക്കുറിച്ച് അറിയൂയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിലെ മൂന്നാം പ്രതി അൻവർ ഒളിവിലാണ്. കേസിൽ ഇന്നലെ അറസ്റ്റിലായ നിധിനെയും, ഭാര്യ ഷിന്റുവിനേയും ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും.

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ഫണ്ട് വെട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ദുരന്തനിവാരണ വിഭാഗത്തിൽ ജോലിചെയ്തിരുന്നവരെയാണ് ചോദ്യം ചെയ്തത്. സഹായം കൈമാറുന്ന നടപടി ക്രമങ്ങളാണ് പ്രധാനമായും അന്വേഷിച്ചറിഞ്ഞത്. കൂടുതൽ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. തൃക്കാക്കര സി.ഐ ഷാബുവിന്റെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സെല്ലിലെ ഉദോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഫിനാൻസ് ഓഫീസർ ജി.ഹരികുമാർ, അസി.ജില്ലാ ഇൻഫോമാറ്റിക്ക് ഓഫീസർ ജോർജ് ഈപ്പൻ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വി​ളി​ച്ചു വരുത്തിയിരുന്നു.