corona-virus

ഡൽഹി: ലോകത്താകമനം ഭീതി പടർത്തിയ കോവിഡ് 19 (കൊറോണ വൈറസ്) വ്യാപിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. 25 പേരാണ് രാജ്യത്ത് കോവിഡ്19 ബാധിതരായി ചികിത്സയിലുള്ളത്. അതിൽ 23 പേർ ഡൽഹിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. അമേരിക്കയിലും കാലിഫോർണിയയിലും വൈറസ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. അമേരിക്കയിൽ ഇതുവരെ 149 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ഇറ്റലിയിൽ 107 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സീരി എ ഫുട്ബോൾ മാച്ചടക്കം മാറ്റിവെച്ചിട്ടുണ്ട്. ലോകത്താകമനം വൈറസ് ബാധയേറ്റ് മരിച്ചവരുടെ 3200 കവിഞ്ഞു. 90,000ത്തിൽ അധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായിൽ നിന്ന് തിരിച്ചെത്തി 5 ദിവസത്തിനു ശേഷമാണ് മാതാപിതാക്കളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വിദ്യാർത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃത‌ർ അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് ധരിക്കാം

കോവിഡ് 19 (കൊറോണ വൈറസ് )ഇന്ത്യയിലും വ്യാപകമാകുന്ന സാഹചര്യത്തിൽ പത്തിലേയും പന്ത്റണ്ടിലേയും ബോർഡ് പരീക്ഷ എഴുതുന്നവർക്ക് മാസ്‌ക്ധരിക്കാൻ സി.ബി.എസ്.ഇ അനുമതി നൽകി. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കാമെന്നാണ് ഉത്തരവ്.