കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ യാത്രക്കാർ വലയുന്നു. ഇവിടെ കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചാൽ റെയിൽവേ യാത്രക്കാർക്കാണ് കൂടുതൽ സൗകര്യപ്രദമാകുന്നത്.
യാത്രക്കാരും നാട്ടുകാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും അധികൃതരിൽ നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. മുൻ എം.പിക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി എം.എൽ.എ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകുകയും എം.എൽ.എ ഫണ്ടിൽ നിന്ന് അതിനുള്ള പണം അനുവദിക്കുകയും ചെയ്തു. കാത്തിരിപ്പു കേന്ദ്രം റെയിൽവേ പരിതിയിലുള്ള സ്ഥലത്ത് നിർമ്മിക്കേണ്ടതിനാൽ റെയിൽവേ അധികൃതർക്ക് എം.എൽ.എ അപേക്ഷ നൽകി. കാത്തിരിപ്പു കേന്ദ്രത്തിന് അനുകൂല മറുപടി കിട്ടിയെങ്കിലും സ്ഥലത്തിന്റെ അനവധി വർഷത്തെ വാടക ഒന്നിച്ച് അടയ്ക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. റെയിൽവേ യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടാക്കേണ്ടത് റെയിൽവേയുടെ കൂടി ആവശ്യമാണെങ്കിലും ബസ് സ്റ്റോപ്പിന് വാടക വേണമെന്ന റെയിൽവേയുടെ നിർദേശം എന്തു കൊണ്ടാണെന്ന് അറിയാൻ കഴിയുന്നില്ല എന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. അടിയന്തരമായി ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാൻ റെയിൽവേയും എം.എൽ.എയും നടപടികൾ സ്വികരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
നിലവിലെ അവസ്ഥ
ട്രെയിനിൽ വന്നിറങ്ങി വിവിധ സ്ഥലങ്ങളിലെത്താൻ ബസ് കാത്തിരിക്കുന്ന യാത്രക്കാർ വെയിലും മഴയും സഹിച്ചാണ് നിലവിൽ ബസ് കാത്ത് നിൽക്കുന്നത്.
പ്രധാന ആവശ്യം:
റെയിവേ സ്റ്റേഷനടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം
കാത്തിരിപ്പ് കേന്ദ്രത്തിന് തടസമായി
റെയിൽവേ യാത്രക്കാർക്ക് ഉപയോഗപ്രദമാകുന്ന കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ റെയിൽവേ സ്ഥലം വിട്ട് നൽകണം. എന്നാൽ സ്ഥലത്തിന്റെ അനവധി വർഷത്തെ വാടക ഒന്നിച്ച് അടയ്ക്കണമെന്ന റെയിൽവേയുടെ നിർദേശമാണ് ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തടസമായി നിൽക്കുന്നത്.
റെയിവേ സ്റ്റേഷനടുത്ത് അടിയന്തരമായി ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണം.
സജി, പ്രസിഡന്റ്, തേജസ് റസിഡന്റ്സ് അസോസിയേഷൻ