ksrtc

ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരമുറകൾ തലസ്ഥാനവാസികൾക്ക് പുത്തരിയൊന്നുമല്ല. ഇടയ്ക്കിടെ അതിന്റെ തീക്ഷ്ണതയും ബുദ്ധിമുട്ടും നന്നായി അറിഞ്ഞവരാണവർ. എന്നാൽ ബുധനാഴ്ച നടന്ന മിന്നൽ പണിമുടക്കിനെത്തുടർന്നുണ്ടായ അരാജകാവസ്ഥയ്ക്കു സമാനമായ ഒന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ഓർക്കാപ്പുറത്തു നിലച്ച ബസ് സർവീസുകൾ പുനരാരംഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന സുരേന്ദ്രൻ എന്ന അറുപത്തിനാലുകാരൻ കുഴഞ്ഞുവീണു മരിച്ച ദൗർഭാഗ്യകരമായ സംഭവത്തിനും മിന്നൽ പണിമുടക്ക് കാരണമായി. കുഴഞ്ഞുവീണ ആ ഹതഭാഗ്യനെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ മരണത്തിൽ നിന്നു രക്ഷിക്കാമായിരുന്നു. എന്നാൽ ട്രാൻസ്പോർട്ട് ജീവനക്കാർ ബസുകൾ നിരത്തിയിട്ട് സൃഷ്ടിച്ച മാർഗതടസം രക്ഷാദൗത്യം അതീവ ദുഷ്കരമാക്കി. ഏറെസമയം കഴിഞ്ഞാണ് പൊലീസിന്റെ ആംബുലൻസ് സ്ഥലത്തെത്തി സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേക്കും മരണവും സംഭവിച്ചിരുന്നു.

ഒരു യാത്രക്കാരന്റെ അപമൃത്യുകൊണ്ടു മാത്രമല്ല ഈ മിന്നൽ പണിമുടക്ക് ദുരന്തമായി മാറിയത്. തലസ്ഥാനത്തെ ഹൃദയഭാഗമായ കിഴക്കേകോട്ടയും തമ്പാനൂരും ഉൾപ്പെടെ നിരവധി റോഡുകൾ ആറുമണിക്കൂറോളം മിന്നൽ പണിമുടക്കിൽ പൂർണമായും സ്തംഭിച്ചു. കൊടുംചൂടിൽ ആയിരക്കണക്കിനു യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയത്. എന്താണുണ്ടായതെന്നുപോലും അറിയാതെ നഗരം ഒന്നടങ്കം മണിക്കൂറുകളോളം മരവിച്ച അവസ്ഥയിലായിരുന്നു. രാവിലെ പത്തുമണി മുതൽ ട്രാൻസ്പോർട്ട് ജീവനക്കാർ ബസുകൾ നിരത്തിയിട്ട് സൃഷ്ടിച്ച ഗതാഗത സ്തംഭനം ഗതാഗത മന്ത്രിയെന്നല്ല തലസ്ഥാനത്തുണ്ടായിരുന്ന മറ്റുമന്ത്രിമാരും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരും അറിയാത്തതോ അറിഞ്ഞിട്ടും ഇടപെടാതിരുന്നതോ എന്നറിഞ്ഞുകൂടാ. സൂര്യനു കീഴിലുള്ള ഏതിനെക്കുറിച്ചും ഘോരഘോരം നിയമസഭയിൽ പ്രസംഗിക്കാറുള്ള ജനപ്രതിനിധികളും ഒന്നും കണ്ടഭാവം കാണിച്ചില്ല.

ഉത്തരവാദപ്പെട്ടവർ ഒന്നിടപെട്ടിരുന്നുവെങ്കിൽ നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം സംഘർഷത്തിലേക്കും പൊലീസ് ഇടപെടലിലേക്കും പിന്നീട് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥന്റെ പൊലീസ് സ്റ്റേഷൻ വാസത്തിലേക്കും ചെന്നെത്താനിടയായത് അവർക്കു മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ്. നഗരത്തിൽ ജനങ്ങളുടെ യാത്ര മുടക്കി ഇതുപോലൊരു സമരമുറ അരങ്ങേറിയാൽ ആദ്യം ഇടപെടേണ്ടവർ ജില്ലാ കളക്ടറും ഗതാഗത കമ്മിഷണറും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരും മറ്റുമാണ്. അവരിലാരും ഇടപെട്ടില്ലെന്നു മാത്രമല്ല ജനങ്ങളെ അവരുടെ വിധിക്കു വിട്ടുകൊടുത്ത് മാളത്തിൽ ഒളിക്കുകയും ചെയ്തു. ഉത്തരവാദിത്വബോധം അശേഷമില്ലാത്ത ഈ ഉദ്യോഗസ്ഥപ്പടയെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യതയും ജനങ്ങളുടെ ചുമലിൽത്തന്നെയാണല്ലോ എന്നോർക്കുമ്പോഴാണ് അമർഷവും രോഷവും അണപൊട്ടുക.

കിഴക്കേകോട്ടയിൽ ട്രാൻസ്പോർട്ട് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളുടെ പഴക്കമുണ്ടതിന്. ട്രാൻസ്പോർട്ട് കോർപ്പറേഷന് അവകാശപ്പെട്ട സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ നിറുത്തിയിട്ട് ആളെ കയറ്റുന്നതിനെച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സ്വകാര്യ ബസുകളെ ചെറുക്കാനായി റോഡിനു നടുവിൽ ഇരുമ്പു പാളങ്ങൾ കൊണ്ട് ബാരിക്കേഡുകൾ പോലും സ്ഥാപിച്ചത് ഇതിന്റെ ഭാഗമായാണ്. ബുധനാഴ്ച പണിമുടക്കിനാധാരമായ പ്രശ്നത്തിന്റെ തുടക്കവും ഒരു സ്വകാര്യ ബസിന്റെ അനധികൃത ആറ്റുകാൽ ട്രിപ്പിനെച്ചൊല്ലിയായിരുന്നു. ബസ് തടയാൻ ട്രാൻസ്പോർട്ട് ജീവനക്കാർ ശ്രമിച്ചപ്പോൾ പൊലീസ് ഇടപെടലുണ്ടായി. എ.ടി.ഒയെ ബലമായി പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയി. തുടർന്നായിരുന്നു ട്രാൻ. ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങിയത്. പൊലീസ് എപ്പോഴും സ്വകാര്യബസ് ലോബിയെയാണ് സഹായിക്കുന്നതെന്ന് ട്രാൻസ്പോർട്ട് ജീവനക്കാർക്ക് നേരത്തെ തന്നെ പരാതിയുള്ളതാണ്. ബുധനാഴ്ചത്തെ അനിഷ്ട സംഭവങ്ങൾക്കു പിന്നിലും പൊലീസിന്റെ അതിരുവിട്ട നടപടിയാണു പ്രധാന പങ്കുവഹിച്ചതെന്നതു സ്പഷ്ടമാണ്.

ഡി.ജി.പി ഉൾപ്പെടെ വമ്പൻ പൊലീസ് ഓഫീസർമാരുടെ മൂക്കിനു താഴെ ജനങ്ങളെ ബന്ദികളാക്കി ട്രാൻസ്പോർട്ട് മിന്നൽ സമരം നടന്നിട്ടും അറസ്റ്റ് ചെയ്തുകൊണ്ടുപോയ ട്രാൻസ്പോർട്ട് ഓഫീസറെ മോചിപ്പിക്കാൻ ഉന്നതരാരും ഇടപെടാതിരുന്നത് വിചിത്രമാണ്. അറസ്റ്റ് അനിവാര്യമായിരുന്നെങ്കിൽ പോലും സ്റ്റേഷനിൽ തടഞ്ഞുവയ്ക്കാതെ ജാമ്യത്തിൽ വിടാവുന്നതേയുണ്ടായിരുന്നുള്ളൂ. എ.ടി.ഒയും ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന വസ്തുത ഓർക്കേണ്ടതായിരുന്നു. പൊലീസുകാരെ അക്കാര്യം ഓർമ്മിപ്പിക്കേണ്ട ചുമതല ഉയർന്ന തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു. അതിശയകരമെന്നു പറയട്ടെ നഗരത്തെ ഗതാഗത സ്തംഭനത്തിലാക്കിയ മിന്നൽ സമരം മണിക്കൂറുകൾ നീണ്ടുപോയിട്ടും ആരും അനങ്ങിയില്ലെന്നതാണ് അത്ഭുതം. ആകെ അനങ്ങിയെന്നു പറയാൻ മനുഷ്യാവകാശ കമ്മിഷൻ മാത്രം. പതിവിൻപടി ജനങ്ങളുടെ യാത്ര മുടക്കിയതിന്റെ പേരിൽ ട്രാൻസ്പോർട്ട് കോർപറേഷനെതിരെ കമ്മിഷൻ ഒരു കേസെടുത്തു. എന്തു ഫലം!

കാച്ചാണിക്കാരൻ സുരേന്ദ്രന്റെ മരണത്തിനും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനും ഇനി പരിഹാരമൊന്നുമില്ലെന്ന് വ്യക്തമാണ്. എന്നാൽ ബസുകൾ പൊതുനിരത്തിൽ കൂട്ടിയിട്ട് ഉപരോധം തീർത്തവരെ ശിക്ഷിക്കാൻ നിയമമുണ്ട്. ആ ചുമതല സർക്കാർ നിറവേറ്റുക തന്നെ വേണം. സംഘടനാബലം ഭയന്ന് മാറി നിന്നാൽ ഇതിനെക്കാൾ വലിയ ദുരിതമാകും ജനങ്ങൾക്ക് ഭാവിയിൽ ഉണ്ടാവുക. മറ്റൊന്നു കൂടി ചെയ്യണം. കിഴക്കേകോട്ടയിൽ ട്രാൻസ്പോർട്ട് ജീവനക്കാരും സ്വകാര്യ ബസുകാരും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശാശ്വതമായ പരിഹാരമാർഗം തേടണം. സ്വകാര്യ ബസുകൾക്കായി പ്രത്യേക സ്റ്റാൻഡ് നിർമ്മിക്കണം.