report

ചിറയിൻകീഴ്:ഇന്ത്യയിലാദ്യമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവൻ പ്രദേശങ്ങളും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കി റിപ്പോർട്ട് തയ്യാറാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്തായി മാറി ചിറയിൻകീഴ്.റിപ്പോർട്ടിന്റെ പ്രകാശനം മന്ത്രി എ.സി.മൊയ്തീൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലെ 103 വാർഡുകളിലെയും സമഗ്ര ഭൗമ വിവരങ്ങളാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടു കൂടിയുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പഠനം നടത്തിയിരിക്കുന്നത്.കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിന്റെയും 723 സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് പഠനം നടത്തിയത്.പ്രദേശത്തെ മണ്ണ്,ജലം,ജൈവസമ്പത്ത് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരശേഖരണ റിപ്പോർട്ടാണിത്.ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥല വിവരശേഖരണ റിപ്പോർട്ട് ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ പ്രകാശനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ആർ.ഇ.സി. ഡയറക്ടർ നിസാമുദ്ദീൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,വി.എസ്.സന്തോഷ്‌കുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,അംഗങ്ങൾ, ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.