kadakampalli-surendran

തിരുവനന്തപുരം: ജനങ്ങളെ ആറു മണിക്കൂർ ദുരിതത്തിലാക്കുകയും യാത്രക്കാരന്റെ ദാരുണ മരണത്തിനിടയാക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി മിന്നൽ സമരത്തെച്ചൊല്ലി നിയമസഭയിൽ ഇന്നലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു. ഗൗരവമായ വിഷയത്തിൽ മറുപടി നൽകാൻ മുഖ്യമന്ത്രി സഭയിലില്ലാതിരുന്നതിനെ വിമർശിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പണിമുടക്ക് നേരിടുന്നതിൽ വീഴ്ചയുണ്ടായെന്ന്ചൂണ്ടിക്കാട്ടി എം.വിൻസെന്റ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനിടെയായിരുന്നു നാടകീയരംഗങ്ങൾ. കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്ന് വിൻസെന്റ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്ന മിന്നൽ സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച പരിശോധിക്കുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ അന്വേഷിക്കും.

മുഖ്യമന്ത്റി മറുപടി പറയേണ്ട നോട്ടീസുകളിൽ, അദ്ദേഹം സഭയിലില്ലെങ്കിൽ മുതിർന്ന മന്ത്രിയായ ഇ.പി. ജയരാജനാണ് മറുപടി നൽകാറുള്ളത്. എന്നാൽ, ഇത്രയും ഗൗരവ വിഷയത്തിൽ കടകംപള്ളിയെ നിയോഗിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രശ്നത്തെ നിസ്സാരമായി കണ്ടുകൊണ്ടാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്നായിരുന്നു ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ വാക്പോര്.

മുഖ്യമന്ത്റി സഭയിലില്ലെങ്കിലും നടപടികൾ കാണുന്നുണ്ടെന്ന ജയരാജന്റെ പരാമർശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മറുപടി നൽകേണണ്ടത് ആരാണെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് സ്പീക്കർ റൂളിംഗ് നടത്തിയാണ് രംഗം തണുപ്പിച്ചത്.

ഇത്രയേറെ ഗൗരവമുള്ള പ്രശ്‌നം ഉന്നയിക്കാൻ സഭയിലെ ഏ​റ്റവും പിൻസീ​റ്റിലുള്ള എം.വിൻസെന്റിനെ ഏൽപ്പിച്ചതെന്തിനെന്ന് കടകംപള്ളി തിരിച്ചു ചോദിച്ചതോടെ പ്രതിപക്ഷാഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അംഗത്തിന്റെ അവകാശം ചോദ്യം ചെയ്യുന്നെന്ന് കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേ​റ്റു. പിന്നെ പരസ്പരം വാക്പോരായി. വിൻസെന്റിനെതിരെയുള്ള പരാമർശത്തിൽ റൂളിംഗ് വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആക്ഷേപകരമായ പരാമർശം വന്നെങ്കിൽ അത് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ബഹളം തണുത്തത്. വിൻസെന്റിനെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കടകംപള്ളിയും പറഞ്ഞു.

പൊലീസിന് തെറ്റുപറ്രിയില്ല

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞ കടകംപള്ളി പൊലീസ് നടപടികളെ ന്യായീരിച്ചു. സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിക്കുന്നത് തടയാനാണ് പൊലീസ് ശ്രമിച്ചത്. സിറ്റി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്തു. സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചതിന് അഞ്ച് പേർക്കെതിരെയും ആട്ടോറിക്ഷാ ഡ്രൈവർമാരെ ആക്രമിച്ചതിന് മൂന്ന് പേർക്കെതിരെയും രണ്ട് കേസുകൾ കൂടിയുണ്ട്. മിന്നൽ പണിമുടക്ക് നടത്തിയതിന് ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. മരിച്ച സുരേന്ദ്രന്റെ മരുമകന്റെ മൊഴിപ്രകാരവും കേസുണ്ട്. ബസുകൾ തലങ്ങും വിലങ്ങും ഇട്ട് ഡ്രൈവർമാർ ഇറങ്ങിപ്പോയതാണ് പ്രശ്നം വഷളാക്കിയത്. നിസാര കാര്യത്തിന് ജനങ്ങളെ ബന്ദിയാക്കി.

രണ്ട് വകുപ്പുകളുടെ ഏറ്റുമുട്ടൽ

തലസ്ഥാനത്തുണ്ടായത് കണ്ടു വകുപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്റിയും മന്ത്റിമാരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുണ്ടായിട്ടും ഇടപെട്ടില്ല. ആറു മണിക്കൂർ നഗരം നിശ്ചലമായപ്പോൾ കാഴ്ചക്കാരനായി നിന്ന കളക്ടറെയാണ് അന്വേഷണം ഏൽപ്പിച്ചത്. കെ.എസ്.ആർ.ടി.സിയിലെ എല്ലാ യൂണിയൻ നേതാക്കളും ഉത്തരവാദികളാണ്. എ.ടി.ഒയെ എന്തിനാണ് അറസ്​റ്റ് ചെയ്തത്. പൊലീസിന്റെ തെ​റ്റുകൾ ന്യായീകരിക്കുന്ന റിപ്പോർട്ടാണ് കമ്മിഷണർ നൽകിയിട്ടുള്ളത്.