പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ പോരേയെന്ന ഡെംഗ് സിയാവോയുടെ ചോദ്യം നിയമസഭയുടെ നാല് ചുവരുകളിൽ തട്ടി പ്രതിദ്ധ്വനിക്കുന്നത് പോലെ തോന്നി. തലസ്ഥാനത്തെ കെ.എസ്.ആർ.ടി.സിക്കാരുടെ മിന്നൽപ്പണിമുടക്ക് സൃഷ്ടിച്ച ദുരന്തത്തെപ്പറ്റിയാണ് അടിയന്തരപ്രമേയമെങ്കിലും തർക്കനിപുണന്മാരായ സാമാജികരെല്ലാം ചേർന്ന് അണ്ടിയോ മൂത്തത് അതോ മാങ്ങയോ എന്ന തർക്കത്തിലേക്ക് വ്യാപരിക്കുന്ന കാഴ്ച കണ്ടാൽ ഇതല്ലാതെന്ത് തോന്നാൻ!
അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത് എം. വിൻസന്റിന്റെ നേതൃത്വത്തിലാണ്. മറുപടി പറയേണ്ട ഗതാഗതമന്ത്രി സഭയിലില്ല. പൊലീസ് വിഷയമായത് കൊണ്ട് മുഖ്യമന്ത്രിക്കാണ് നോട്ടീസെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. ചോദ്യോത്തരവേള തീരുന്നത് വരെയും സഭയ്ക്കകത്തിരിപ്പുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർഭത്തിനൊത്ത് അപ്രത്യക്ഷനായെന്ന സംശയം പ്രതിപക്ഷത്തിൽ രൂഢമൂലമാക്കിയത് ആ കൃത്യസമയത്തുണ്ടായ അദ്ദേഹത്തിന്റെ അഭാവമായിരുന്നു.
നോട്ടീസിന് മറുപടി പറയാൻ ചുമതലപ്പെടുത്തിയത് തലസ്ഥാനത്തിന്റെ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ. ഗതാഗതത്തിനും പൊലീസിനും ചേർത്തുള്ള അവിയൽ മറുപടി വിശദമായി അദ്ദേഹം നൽകിയെങ്കിലും പ്രതിപക്ഷനേതാവിന് അതത്ര രുചിച്ചില്ല. ഇത്രയും ഗൗരവപ്പെട്ട വിഷയത്തിൽ ഗതാഗതമന്ത്രിയില്ലെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് നിലപാട്. മനുഷ്യരല്ലേ, അത്യാവശ്യം കുടുംബപരമായ ആവശ്യമുള്ളത് കൊണ്ട് ഗതാഗതമന്ത്രി പോയതാണെന്ന് ഇടയ്ക്കിടയ്ക്ക് രൗദ്രഭാവം പ്രകടമാക്കാറുള്ള മന്ത്രി ഇ.പി. ജയരാജൻ പോലും ശാന്തസ്വരൂപനായി കേണുപറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. കഴിഞ്ഞദിവസത്തെ അലംഭാവം ഇപ്പോൾ സഭയിലും തുടരുന്നുവെന്നായിരുന്നു വിൻസന്റിന്റെ തോന്നൽ. പ്രതിപക്ഷ അംഗത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നൽകാതെ ഒളിച്ചോടുകയോ?
തലസ്ഥാനത്തിന് അപമാനകരമായ സമരാഭാസമാണെന്ന് മന്ത്രി കടകംപള്ളിയും സമ്മതിച്ചു. ഈ സംഭവത്തിന് വളരെയേറെ ഗൗരവമുണ്ടെന്ന് പ്രതിപക്ഷം പറയുന്ന സ്ഥിതിക്ക് പിൻനിരക്കാരനായ വിൻസന്റിനെ ഒഴിവാക്കി മറ്റേതെങ്കിലും സീനിയർ അംഗത്തെക്കൊണ്ട് ഉന്നയിപ്പിക്കാമായിരുന്നില്ലേയെന്ന 'മോൺസാന്റോ വഴുതനങ്ങച്ചോദ്യ"മെറിഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ 'ചുണ്ടങ്ങാ'യ്ക്ക് കടകംപള്ളി പ്രതിരോധം ചമച്ചത്. ഈ 'വഴുതനങ്ങ"അഭിമാനത്തിന് ക്ഷതമേല്പിക്കുന്നതാണെന്ന ഉത്തമബോദ്ധ്യമുള്ളത് കൊണ്ടുതന്നെ പ്രതിപക്ഷത്തെ വിപ്ലവകാരികൾക്ക് നടുത്തളത്തിലിറങ്ങാതിരിക്കാനായില്ല. വിൻസന്റിനെ ആക്ഷേപിച്ചതല്ലെന്ന് മന്ത്രി പറഞ്ഞിട്ടും അടങ്ങാൻ കൂട്ടാക്കാതിരുന്ന പ്രതിപക്ഷത്തിന് സ്പീക്കറുടെ സ്ഥിരം മരുന്ന് വേണ്ടിവന്നു: 'ആക്ഷേപകരമായ പരാമർശങ്ങളുണ്ടെങ്കിൽ പരിശോധിക്കും."ആരുന്നയിക്കണമെന്നത് പോലുള്ള ചെറിയ കാര്യങ്ങളിൽ തർക്കമരുതെന്ന് സ്പീക്കർ ഉപദേശിച്ചിട്ടുണ്ട്. ആരെങ്കിലും ഉൾക്കൊള്ളുമോയെന്നറിയില്ല.
തിരുവനന്തപുരത്ത് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന മട്ടാണ് സർക്കാരിനെന്നാണ് വിൻസന്റിന്റെ പരിഭവം. നിയമസഭയിലെ വിശ്രമമുറിയിലൂടെ നോക്കിയാൽ മുഖ്യമന്ത്രിക്ക് ആ ഗതാഗതസ്തംഭനം തിരിച്ചറിയാനാകുമായിരുന്നുവെന്ന് വിൻസന്റ് പറഞ്ഞത്, മുഖ്യമന്ത്രി റിട്ടയറിംഗ് റൂമിലിരുന്ന് തന്നെ കേട്ടിരിക്കാനാണ് സാദ്ധ്യത. കാരണം, മന്ത്രി കടകംപള്ളിയുടെ വിശദീകരണം പൂർത്തിയായതിന് പിന്നാലെ അദ്ദേഹം സഭയ്ക്കകത്തെത്തി! റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതും ഏതാണ്ട് ഈ സമയത്തുതന്നെ !
വ്യവസായം, വൈദ്യുതിവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയായിരുന്നു ഇന്നലെ. സർക്കാരിന്റെ ഇരുധ്രുവങ്ങളിലുള്ള കിംഗ് മേക്കേഴ്സായി മന്ത്രിമാരായ ഇ.പി.ജയരാജനെയും എം.എം.മണിയെയും എൽദോ എബ്രഹാം വിലയിരുത്തി. കെൽട്രോൺ പ്ലസ് ബെഹ്റ പ്ലസ് സ്വകാര്യകമ്പനികൾ എന്ന സമവാക്യത്തിലാണ് സർക്കാരിന്റെ പോക്കെന്ന് മനസിലാക്കിയത് വി.ടി. ബൽറാമാണ്. ധനവിനിയോഗബില്ലും സഭ പാസാക്കി.