arrest-jalajan

മലയിൻകീഴ്: ഒറ്റയ്ക്ക് താമസിച്ചിരുന്ന ദളിത് സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു. സ്ത്രീയുടെ നിലവിളി കേട്ട് സമീപവാസികൾ ഒടിയെത്തിയെങ്കിലും അക്രമി വെട്ടുകത്തിയുമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. മലയം സ്വദേശി ജലജൻ (56) ആണ് നാട്ടുകാരെ മുൾമുനയിൽ നിറുത്തിയത്. നാട്ടുകാർ മലയിൻകീഴ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്. സ്ഥലത്തെതിയ എസ്.ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വെട്ടുകത്തി കാട്ടി പൊലീസിനെയും വിരട്ടി. മണിക്കൂറുകൾ ക്കൊടുവിൽ വീടിന്റെ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് മൂന്നു മണിയോടെയാണ് വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. വിധവയായ വീട്ടമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവരുടെ മകനും അടുത്തിടെ മരിച്ചിരുന്നു. മലയിൻകീഴ് സ്റ്റേഷനിൽ നിരവധി അക്രമ കേസുകളിൽ പ്രതിയാണ് ജലജൻ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂക്കുന്നിമലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലയം വേങ്കൂർ മുളയറത്തലയ്ക്കൽ വീട്ടിൽ ഉത്തമനെ (56) ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് ജലജന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. കണ്ണിന് പരിക്കേറ്റ ഉത്തമൻ ഇപ്പോഴും ചികിത്സയിലാണ്. പീഡനത്തിനിരയായ വീട്ടമ്മയുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.