mar05a

ആ​റ്റിങ്ങൽ: കുടിവെള്ള പദ്ധതികൾക്ക് വേണ്ടി വാമനപുരം നദിയിൽ പുതിയ തടയണ നിർമ്മിക്കുമെന്നും ഡാം നിർമ്മിക്കേണ്ടത് ഭാവിയിലേക്ക് ആവശ്യമെന്നും മന്ത്റി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്റി ഇക്കാര്യം അറിയിച്ചത്. കിഫ്ബി വഴിയാണ് ഇറിഗേഷൻ വകുപ്പ് പുതിയ തടയണ നിർമ്മിക്കുന്നത്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലുള്ള കുടിവെള്ള പദ്ധതികളുടെ പ്രധാന ജലസ്രേതസ് വാമനപുരം നദിയാണ്. ഇവിടെ തടയണ നിർമ്മിക്കണമെന്നും ഡാം നിർമ്മിക്കുന്നത് ഭാവിയിൽ ജല വിതരണം സുഗമമാക്കുമെന്നും കാട്ടി കേരളകൗമുദി റിപ്പോർട്ട് നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് സത്യൻ എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചത്. ഈ വേനൽക്കാലത്ത് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കുടിവെള്ള പദ്ധതികളുടെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വെള്ളം തടഞ്ഞു നിറുത്തുന്നതിനായി രണ്ട് താത്കാലിക തടയണകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. ആ​റ്റിങ്ങൽ പൂവൻപാറയ്ക്കു സമീപം 3.6 ലക്ഷം രൂപയും, കാരേ​റ്റ് വാമനപുരം പാലത്തിന് സമീപം മൂന്നു ലക്ഷത്തോളം രൂപയും ചെലവഴിച്ചാണ് താത്കാലിക തടയണ നിർമ്മിച്ചത്. ഈ തടയണകൾ ഉള്ളതിനാൽ ഒരു പരിധിവരെ ഇപ്പോൾ കുടിവെള്ള ലഭ്യത ഉറപ്പു വരുത്താൻ സാധിക്കുന്നുണ്ട്.

വാമനപുരം നദി കേന്ദ്രീകരിച്ച് ഇപ്പോൾ പ്രവർത്തിച്ച് വരുന്ന പദ്ധതികൾ ഭാവിയിൽ വിപുലീകരിക്കേണ്ട സാഹചര്യമുള്ളതിനാൽ നദിയിലെ ജലം പൂർണമായും നഷ്ടപ്പെടാതെ വേനൽ കാലത്തേക്കായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നദിയിൽ ഒരു ഡാം നിർമ്മിക്കേണ്ടത് ഭാവിയിലെ ജലവിതരണ സംവിധാനം സുഗമമായി കൊണ്ടു പോകുന്നതിന് അത്യാവശ്യമാണ്.

മന്ത്റി കെ. കൃഷ്ണൻകുട്ടി