വർക്കല: കരാറുകാരുടെ കുടിശിക തീർക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഇന്ന് രാവിലെ 11ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഉപരോധ സമരവും ധർണയും നടത്തുമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുടിശിക 4200 കോടി കവിഞ്ഞു. സ‌ർക്കാ‌ർ ബിൽ ഡിസ്കൗണ്ട് നിയമം അടിച്ചേൽപ്പിക്കുകയാണ്. എസ്റ്റിമേറ്റുണ്ടാക്കുന്നതിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കുന്നതായും ഊരാളുങ്കൽ സൊസൈറ്റിക്കടക്കം വഴിവിട്ട ആനുകൂല്യങ്ങൾ നൽകുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. ജനുവരി 2 മുതൽ സംസ്ഥാനത്തുടനീളം നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖ്യമന്ത്രിക്കുൾപ്പടെ നിവേദനങ്ങൾ നൽകിയിട്ടും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി. തൃദീപ്, വർക്കല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എം. സുഗുണാനന്ദൻ, സെക്രട്ടറി ആർ. അജിത്ത്കുമാർ, ട്രഷറർ കെ. അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.