ci-sheri

തിരുവനന്തപുരം: തലസ്ഥാനത്ത് ബുധനാഴ്ച ആറ് മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ച സമരത്തിന് കാരണമായ സംഘർഷത്തിനിടെ എ.ടി.ഒയെ അറസ്റ്റു ചെയ്തു നീക്കിയത് മുൻ കണ്ടക്ടർ!. ഫോർട്ട് സർക്കിൾ ഇസ്പെക്ടർ എ.കെ. ഷെറി പൊലീസിലെത്തും മുമ്പ് രണ്ടര വർഷം കെ.എസ്.ആർ.ടി സി കണ്ടക്ടറായിരുന്നു.

ഇന്നലെ സംഘർഷം നടന്ന കിഴക്കേകോട്ട സിറ്റി ഡിപ്പോയിലും തമ്പാനൂരിലും സേവനം അനുഷ്ഠിച്ച ഷെറിക്ക് ഇവിടത്തെ ജീവനക്കാരുടെ സമരരീതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കുളത്തൂപ്പുഴ, പുനലൂർ ഡിപ്പോകളിലും ജോലി നോക്കി. ഇതിനിടെയാണ് സബ് ഇൻസ്പെക്ടർ സെലക്‌ഷൻ കിട്ടിയത്.

തങ്ങളെ അറസ്റ്റു ചെയ്തത് മുൻ സഹപ്രവർത്തകനാണെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മനസ്സിലായില്ല. പരിചയമുള്ള മുഖമൊന്നും കണ്ടില്ലെന്ന് ഷെറിയും പറയുന്നു.

സ്വകാര്യ ബസ് ജീവനക്കാരനെ തല്ലിയതിനും തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതിനുമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്തതെന്ന് ഷെറി പറഞ്ഞു. സമയം തെറ്റിച്ച് സർവീസിനെത്തിയ സ്വകാര്യ ബസിനെ നടുറോഡിൽ തടഞ്ഞിട്ടതോടെ കിഴക്കേകോട്ടയിൽ പെട്ടെന്ന് ഗതാഗത കുരുക്കായി. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ ഫോട്ടോയോ വീഡിയോയോ എടുത്ത് ആർ.ടി.ഒയ്ക്കോ പൊലീസിനോ നൽകാൻ പലവട്ടം കെ.എസ്.ആർ.ടി.സി അധികൃതരോടു പറഞ്ഞിട്ടുള്ളതാണ്.

' സംഘർഷത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ എ.ടി.ഒയും ഇൻസ്പെക്ടറും മറ്റ് ചിലരും ചേർന്ന് അടിച്ചു. അതു തടയാൻ ശ്രമിച്ച പൊലീസിനെയും അടിച്ചു".

എ.കെ. ഷെറി ,

ഫോർട്ട് സി.ഐ