നെയ്യാറ്റിൻകര: പറശാല നിയോജക മണ്ഡലത്തിലെ പെരുങ്കടവിള പഞ്ചായത്തിൽ ഉൾപ്പെടുന്ന മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി മുതൽ മികവിന്റെ കേന്ദ്രമാകും. സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം പറയും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്. ജവാദ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി പുസ്കാര ജേതാവ് പ്രൊഫ. വി. മധുസൂദനൻ നായരെ ആദരിക്കും. ശശിതരൂർ എം.പി, എം.എൽ.എമാരായ കെ. ആൻസലർ, ഐ.ബി. സതീഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ആശംസകൾ അർപ്പിച്ചു കൊണ്ട് ജനപ്രതിനിധികൾ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും സംസാരിക്കും.
6 കോടി രൂപയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. 3000 സ്ക്വയർ ഫീറ്റ് ബഹുനില മന്ദിരത്തിൽ 18 ക്ലാസ് മുറികൾ, ഡൈനിംഗ് ഹാൾ, കിച്ചൺ, സ്റ്റിക്, സ്റ്റോർ, വാഷ് റൂമുകൾ, കമ്പ്യൂട്ടർ ലാബുകൾ, മൾട്ടീമീഡിയ റൂമുകൾ, സെമിനാർ ഹാളുകൾ, 3സയൻസ് ലാബുകൾ, ഓഫീസ് സമുച്ചയം, ടോയ്ലെറ്റ് ബ്ലോക്ക്, ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ എൽ.പി.വിഭാഗത്തിൽ ഒരു കോടി രൂപ ചെലവിൽ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.