ആറ്റിങ്ങൽ: ഇളമ്പ പാറയടിയിലെ അനധികൃത ക്വാറിയിൽ നിന്ന് പാറകയറ്റാനെത്തിയ 45 ലോറികൾ റവന്യുഅധികൃതർ കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ് തഹസിൽദാർ ആർ.മനോജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപകുമാർ, അമ്പാടി, വില്ലേജ് ഓഫീസർമാരായ നിസാമുദ്ദീൻ, ഹരിലാൽ, സ്‌പെഷ്യൽവില്ലേജ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നടപടി.പാറയടിയിലെ ക്വാറികളിൽ വർഷങ്ങൾക്കു മുമ്പ് ഖനനം നിരോധിച്ചിരുന്നു. നിരോധനഉത്തരവ് മറികടന്ന് ഇവിടെ ഖനനം നടന്നുവരികയാണ്. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് പാറക്വാറി നടത്തുന്നവർക്ക് പിഴചുമത്തി നോട്ടീസ് നല്കിയിരുന്നുവെങ്കിലും അവർ പിഴയടച്ചില്ല.പലതവണ നിരോധനഉത്തരവ് നല്കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലോറികൾക്ക് പിഴചുമത്തുമെന്നും ഖനനം നടത്തിയവർക്കെതിരേ ജിയോളജിവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും അതിനായി റിപ്പോർട്ട് നല്കിയതായും തഹസിൽദാർ പറഞ്ഞു.