വക്കം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന വക്കം ഗ്രാമ പഞ്ചായത്തിലെ നിലക്കാമുക്ക് പൊതു മാർക്കറ്റിന് ശാപമോക്ഷമാകുന്നു. ഒന്നരക്കോടി ചെലവഴിച്ച് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. ഇതോടെ വർഷങ്ങളായി കച്ചവടക്കാരും ഉപഭോക്താക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ മാംസം ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ യാതൊരു സംവിധാനവും ഇവിടെയില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാർക്കറ്റിന്റെ ഒരു ഭാഗത്ത് തീയിട്ട് കത്തിക്കുകയാണ് പതിവ്. മാർക്കറ്റിന്റെ മതിലിനോട് ചേർന്നാണ് നിലയ്ക്കാമുക്ക് യു.പി സ്കൂൾ. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉയരുന്ന പുകയും ദുർഗന്ധവും വിദ്യാർത്ഥികളെ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്നത് ആശങ്ക ഉയർത്തുന്നു.
ബാക്കിവരുന്ന പച്ചക്കറി അടക്കമുള്ള പാഴ് വസ്തുക്കൾ പരിസരത്തെ കുഴിയിലാണ് തള്ളുന്നത്. മത്സ്യ മാംസങ്ങളിൽ നിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നതും ഇതേ കുഴിയിലാണ്. രണ്ടും കൂടി ചേരുമ്പോൾ മാർക്കറ്റിനുള്ളിൽ കടുത്ത ദുർഗന്ധമാണ്.
നിരവധി തവണ ഇതിനെതിരെ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും പരാതി. ദുരിതങ്ങളിൽ പൊറുതിമുട്ടിയ കച്ചവടക്കാർ കഴിഞ്ഞദിവസം സാധനങ്ങളുമായി മാർക്കറ്റിന് പുറത്ത് പൊതു നിരത്ത് കൈയേറി കച്ചവടം നടത്തി പ്രതിഷേധിച്ചിരുന്നു.