വെള്ളറട: മൈലച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. ഒന്നാമത്തെ വീട് എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആർഷക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വീടിന്റെ താക്കോൽദാനം എം.എൽ.എ സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു. മാതൃകാ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി സ്വാതിയ്ക് പത്ത് സെന്റ് സ്ഥലവും വീടും വാങ്ങി നൽകി. വസ്തുവിന്റെ ആധാരം എം.എൽ.എ സി.കെ. ഹരീന്ദ്രൻ സ്വാതിക്ക് കൈമാറി. പച്ചക്കാട് മിനി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, വാർഡ് അംഗം വീരേന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് എൻ.എസ്. രഞ്ജിത്, മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, എൻ.എസ്.എസ് ജില്ലാ കൺവീനർ ജോയി മോൻ, സ്കൂൾ പ്രിൻസിപ്പാൾ വി.പി, ഹെഡ്മിസ്ട്രസ് സെലിൻ. സി.എൽ, പ്രോഗ്രാം ഓഫീസർ ധർമ്മരാജ്, സ്റ്റാഫ് സെക്രട്ടറി പുഷ്പകുമാരൻ, മാതൃകാ ഹരിത ഗ്രാമ പ്രതിനിധി വി. അപ്പുക്കുട്ടൻ, പി.ടി.എ, എം.പി.ടി.എ ,എസ്.എം.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ച വച്ച ആർച്ച, അനുരാഗ് എന്നിവർക്ക് എം.എൽ.എ പ്രത്യേക പുരസ്കാരം നൽകി. ചടങ്ങിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മൈലച്ചൽ സ്കൂൾ ഹയർ സെക്കൻഡറി അദ്ധ്യാപിക സുജാറാണിയെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.