തിരുവനന്തപുരം: എവിടെ നോക്കിയാലും തൊഴുകൈകളോടെ നിൽക്കുന്ന ഭക്തർ മാത്രം. പൊങ്കാലയ്ക്ക് മൂന്നു നാൾ മാത്രം ശേഷിക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് നിയന്ത്രണാതീതമായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തുന്ന ദീപാരാധന തൊഴുത് ആറ്റുകാലമ്മയുടെ അനുഗ്രഹം നേടാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തരുടെ പ്രവാഹമാണ്. ബാരിക്കേഡുകൾ നിർമ്മിച്ച് തിരക്ക് നിയന്ത്രിക്കുന്നുണ്ടെങ്കിലും ഭക്തരുടെ കുത്തൊഴുക്ക് കാരണം നിയന്ത്രണങ്ങളെല്ലാം പാളിപ്പോകുകയാണ്. ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് പലപ്പോഴും ഭക്തജനങ്ങളുടെ നിരനീണ്ടു. പുലർച്ചെ ദേവിയെ പള്ളിയുണർത്തുന്നതു മുതൽ ആരംഭിക്കുന്ന തിരക്ക് രാത്രി വൈകുവോളം നീളുന്ന കാഴ്ചയാണ്. പൊങ്കാല ദിവസം എത്താൻ കഴിയാത്തവരാണ് ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നവരിലേറെയും.
മണക്കാട് ശാസ്താവിനെ കാണാൻ വൻതിരക്ക്
ഭക്തജനങ്ങളുടെ വൻതിരക്കിനിടെ ഇന്നലെ മണക്കാട് ശാസ്താവിനെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. ആയിരക്കണക്കിനു പേരാണ് എഴുന്നെള്ളത്ത് തൊഴുത് സായൂജ്യമടഞ്ഞത്. ആറ്റുകാൽ, മണക്കാട് ക്ഷേത്രങ്ങൾക്കിടയിലെ ആചാരപരമായ ബന്ധത്തെ തുടർന്നാണ് ശാസ്താവിനെ എഴുന്നള്ളിക്കുന്നത്. ആറ്റുകാൽ ദേവിയുടെ സഹോദരസ്ഥാനമാണ് മണക്കാട് ശാസ്താവിനുള്ളത്. ആറ്റുകാലിൽ ഉത്സവം തുടങ്ങി മൂന്നാംദിവസം മണക്കാട് ശാസ്താക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറും. ഇതിന് മൂന്നാംനാളാണ് 'പറതെണ്ടൽ' എന്ന് നാട്ടുമൊഴിയിൽ അറിയപ്പെടുന്ന ശാസ്താവിന്റെ സോദരീ ദർശനയാത്ര.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിച്ചത്. ഈ സമയം ക്ഷേത്രനട അടച്ചിരുന്നു. മുൻഭാഗത്ത് ക്ഷേത്രം ട്രസ്റ്റ് തൃക്കൺചാർത്ത് ഒരുക്കിയിരുന്നു. പൂജയ്ക്ക് ശേഷം ശാസ്താവിനെ മടക്കിയെഴുന്നള്ളിച്ചു. നട അടച്ചിരുന്നതിനാൽ ശാസ്താവ് പിണങ്ങിപ്പോകുന്നുവെന്നാണ് വിശ്വാസം. കൊഞ്ചിറവിള, ആര്യങ്കുഴി, വെള്ളായണി, ആറ്റുകാൽ മുത്താരമ്മൻ എന്നീ ക്ഷേത്രങ്ങൾക്കും മണക്കാട് ശാസ്താവ് സഹോദര സ്ഥാനീയനാണ്. ഈ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കും മണക്കാട്ടു നിന്ന് ഉത്സവദിവസങ്ങളിൽ മറ്റ് ക്ഷേത്രങ്ങളിലേക്കും പുറത്തെഴുന്നള്ളിക്കുന്ന പതിവുണ്ട്.
തോറ്റംപാട്ടിൽ ഇന്ന്
മധുരാനഗരിയിലെ സ്വർണപ്പണിക്കാരൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോവലനെ പാണ്ഡ്യരാജ സദസിൽ എത്തിക്കുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടുകാർ പാടിയത്. ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി രാജാവ് കോവലനെ വധിക്കുന്ന ഭാഗമാണ് ഇന്ന് പാടുക. ഇതിന്റെ ദുഃഖസൂചകമായി നാളെ രാവിലെ വൈകിയേ നടതുറക്കൂ. രാവിലെ 7ന് പള്ളിയുണർത്തലും 7.30 ന് നിർമ്മാല്യദർശനവും ഉണ്ടായിരിക്കും.
ആറ്റുകാലിൽ ഇന്ന്
പുലർച്ചെ 4.30ന് പള്ളിയുണർത്തൽ,5ന് നിർമ്മാല്യദർശനം,5.30ന് അഭിഷേകം,6.05ന് ദീപാരാധന,6.40ന് ഉഷ:പൂജ, ദീപാരാധന,6.50ന് ഉഷ:ശ്രീബലി,7.15ന് കഭാഭിഷേകം,8.30ന് പന്തീരടി പൂജ,ദീപാരാധന,11.30ന് ഉച്ചപൂജ,12ന് ദീപാരാധന,12.30ന് ഉച്ചശ്രീബലി,1ന് നട അടയ്ക്കൽ,വൈകിട്ട് 5ന് നട തുറക്കൽ,6.45ന് ദീപാരാധന,രാത്രി 7.15ന് ഭഗവതിസേവ, 9ന് അത്താഴപൂജ,9.15ന് ദീപാരാധന,9.30ന് അത്താഴപൂജ,12ന് ദീപാരാധന,1ന് നട അടയ്ക്കൽ.
കലാപരിപാടികൾ
അംബ: വൈകിട്ട് 5ന് ഫോക്‌ലോർ ഡാൻസ്, 7.30ന് ശാസ്ത്രീയനൃത്തം, 8.30ന് ദേവീചരിതം, 9.30ന് ഗാനമേള
അംബിക: വൈകിട്ട് 5ന് സംഗീതകച്ചേരി, 6ന് ശാസ്ത്രീയനൃത്തം, 7ന് ഭരതനാട്യം, 8നും 9നും ശാസ്ത്രീയനൃത്തം, 10ന് ഗാനമേള
അംബാലിക: വൈകിട്ട് 5ന് ഭജന, 6 മുതൽ 10 വരെ ശാസ്ത്രീയനൃത്തം, 11ന് സംഗീതനൃത്തവിരുന്ന്