vld-1

വെള്ളറട: ടിപ്പർ ലോറിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരായ വെള്ളറട ഡാലുമുഖം മണ്ണറത്തലയ്ക്കൽ ജോൺകുട്ടി (65) , മേഴ്സി( 60) ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ തയ്യാറാക്കിയ കല്ലറയിൽ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ബുധനാഴ്ച പന്ത്രണ്ടുമണിയോടുകൂടിയാണ് വെള്ളനാടിനു സമീപം മേലാംകോട്ടുവച്ച് ടിപ്പർ ഇടിച്ചത്.ബന്ധുവീടായ കൊട്ടാരക്കരയിൽ നിന്ന് നെടുമങ്ങാട് ബസിറങ്ങി ബൈക്കിൽ വെള്ളറടയിലെ വീട്ടിലേക്കുവരുന്ന വഴിയായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രണ്ടു മണിയോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മണ്ണാംകോണത്ത് എത്തിച്ചു. നൂറുകണക്കിനുപേർ പങ്കെടുത്ത വിലാപയാത്രയായാണ് മണ്ണറത്തലയ്ക്കലിൽ എത്തിച്ചത്. ഇരുവരെയും ഒരു നോക്കുകാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും നിരവധിപേരാണ് എത്തിയത്. വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം 5 മണിയോടെ സംസ്കാരം നടത്തി.