ksrtc-

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതം സ്‌തംഭിപ്പിച്ച് ബസുകൾ റോഡിൽ നിരത്തിയിട്ട് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ കർശന നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. കുറ്രക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്.

നടപടിയെടുത്താൽ ശക്തമായി പ്രതിരോധിക്കുമെന്ന് തൊഴിലാളി സംഘടകളും വ്യക്തമാക്കിയതോടെ സ‌ർക്കാരുമായി ഒരേറ്റുമുട്ടലിനും കളമൊരുങ്ങി.


ഡിപ്പോകളിൽ കിടന്ന ബസുകൾ ഉൾപ്പെടെ റോഡിൽ നിരത്തിയിട്ട് ഗതാഗതം തടസപ്പെടുത്തിയ കേസിൽ 150ഓളം ഡ്രൈവർമാർ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ദൃശൃങ്ങളും ഫോട്ടോകളും പരിശോധിച്ച്

വ്യക്തമായ തെളിവുകളോടെ ഇവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അഞ്ചു കേസുകളിലായി 65 പേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. നിരത്തിലിറക്കിയിട്ട ബസുകളുടെ കണക്കെടുത്ത് അവയിലെ ജീവനക്കാർ ആരൊക്കെയെന്ന് റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സിയോടു തന്നെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മിന്നൽ പണിമുടക്ക് നടത്തി വാഹനങ്ങൾ റോഡിനു നടുവിൽ പാർക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ജില്ലാകളക്ടർ ഗോപാലകൃഷ്ണൻ സർക്കാരിന് പ്രാഥമിക റിപ്പോർട്ടു നൽകി. മിന്നൽ പണിമുടക്കിന് യാതൊരു സാധൂകരണവുമില്ലെന്നും കെ.എസ്.ആർ.ടി.സിയിലും അവശ്യസർവീസ് നിയമം (എസ്‌മ ) നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കളക്ടറുടെ അന്തിമ റിപ്പോർട്ട് ശനിയാഴ്ച നൽകും.

മിന്നൽ സമരം കെ.എസ്.ആർ.ടി.സിയുടെ ശേഷിച്ച സൽപ്പേരും ഇല്ലാതാക്കി എന്നാണ് വിലിയിരുത്തൽ

അഞ്ച് കേസുകൾ

ബസുകൾ നിരത്തിയിട്ട് ഗതാഗതം തടഞ്ഞത്

എസ്.ഐയേയും പൊലീസുകാരെയും മർദ്ദിച്ചത്

സ്വകാര്യബസിലെ കണ്ടക്ടറെ മർദ്ദിച്ചത്

ഒരു ആട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ചത്

ഒരാൾ മരിക്കാനിടയായത്

''ആരെയെങ്കിലും അറസ്റ്റു ചെയ്താൽ പണിമുടക്ക് സംസ്ഥാനമാകെ വ്യാപിപ്പിക്കും. നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയല്ല, ദൈവം തമ്പുരാൻ പറഞ്ഞാലും അനുസരിക്കില്ല''

- എം.ജി. രാഹുൽ, ജനറൽ സെക്രട്ടറി, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ

''ജീവനക്കാർക്കെതിര നടപടിയെടുത്താൽ ശക്തമായി പ്രതികരിക്കും. സർക്കാരിന്റെ വീഴ്ചയാണ് ബുധനാഴ്ച നടന്ന സംഭവങ്ങൾക്ക് കാരണം''

-തമ്പാനൂർ രവി

പ്രസിഡന്റ് ടി.ഡി.എഫ്

 വേറിട്ട ശബ്ദവുമായി സി.ഐ.ടി.യു നേതാവ്

''ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തില്ല. അന്ന് അസോസിയേഷന്റെ രാജ്ഭവൻ മാർച്ച് പൊളിക്കാൻ ബോധപൂർവം ചെയ്തതാണ്. സമരത്തിന് അസോസിയേഷൻ നേതാക്കളാരും ഉണ്ടായിരുന്നില്ല. വൈകിട്ട് സ്റ്റേഷനിൽ എത്തിയെന്നേ ഉള്ളൂ. അപ്പോഴേക്കും ബസുകൾ ഓടിത്തുടങ്ങിയിരുന്നു.''-

- ഹരികൃഷ്ണൻ

ജനറൽ സെക്രട്ടറി

ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ