photo

അരുവിക്കര: കളത്തുകാൽ-ഉറിയാക്കോട്‌ റോഡിൽ ചെറിയകൊണ്ണിക്കും ഇറയം കോടിനും മദ്ധ്യേയുള്ള കലുങ്ക് വാഹന യാത്രക്കാരുടെ പേടിസ്വപ്നമാവുന്നു. റോഡ് വികസനത്തിനായി അരിക് വെട്ടിപ്പൊളിച്ചതോടെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കലുങ്കിന്റെ അഗ്രഭാഗത്തെ ആഴമേറിയ കുഴിയിലേക്ക് പതിക്കുന്നുവെന്നാണ് പരാതി. കാട്ടാക്കട, വെള്ളനാട്, ഭഗവതിപുരം ഭാഗങ്ങളിലുള്ളവർ കിഴക്കേക്കോട്ടയിലേയ്ക്കും മൈലം ജി.വി. രാജ സ്‌കൂളിലേയ്ക്കും അരുവിക്കര ടൂറിസം കേന്ദ്രത്തിലേയ്ക്കും വരുന്ന തിരക്കേറിയ റോഡിലാണ് അപകടക്കെണി. കലുങ്കിനോട് ചേർന്ന് മൈലം എൽ.പി.എസിലേക്ക് പോകാൻ ഇടറോഡ് നിർമ്മിച്ചതോടെയാണ് അപകടങ്ങൾ ഏറിയതെന്ന് സ്ഥലവാസികൾ പറഞ്ഞു. പ്രൈവറ്റ് ഐ.ടി.ഐ, സ്‌കൂൾ, ദേവാലയം എന്നിവ സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ബൈക്ക് യാത്രികനായ കടമ്പനാട് സ്വദേശിയായ യുവാവ് കുഴിയിൽ അകപ്പെട്ട് കൈയടിഞ്ഞു. പ്രദേശത്തെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ഇക്കാര്യമുന്നയിച്ച് സമരരംഗത്ത് ഇറങ്ങുമെന്നും എൽ.ജെ.ഡി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. സത്യാനന്ദൻ മുന്നറിയിപ്പ് നൽകി.