ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിലെ പ്രവർത്തനരഹിതമായ വനിതാ പൊലീസ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയെത്തുന്ന വനിതാ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ഫലപ്രദമായി നേരിടാനാണ് പ്രധാന കവാടത്തിനോട് ചേർന്ന് 2017ൽ വളരെ കൊട്ടിഘോഷിച്ച് വനിതാ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചത്. തുടക്കത്തിൽ രണ്ട് വനിതാ പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. പിന്നീടത് ഒരാളായി ചുരുങ്ങി. ആറു മാസത്തോളം ഉന്തിയും തള്ളിയും പദ്ധതി മുന്നോട്ട് കൊണ്ട് പോയെങ്കിലും കഴിഞ്ഞ വർഷം ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. വനിതാ പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാതെ ഉന്നത ഉദ്യോഗസ്ഥർ അലംഭാവത്തെ കാട്ടിയതോടെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം നിലച്ചത്. അതിനിടെ മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് കളഞ്ഞു. ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ആശുപത്രിക്കുള്ളിൽ നിന്നു സഹായം അഭ്യർത്ഥിച്ചാലുടൻ വനിതാ പൊലീസുകാർക്ക് ഓടിയെത്തി പ്രശ്നം പരിഹരിക്കാമായിരുന്നു. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസുകാരുടെ സേവനം പുനഃസ്ഥാപിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ നിന്നു പൊലീസുകാരെത്തിയാണ് നിലവിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. അവർക്കാകട്ടെ വനിതാ പൊലീസിന്റെ സഹായമില്ലാതെ എസ്.എ.ടി ആശുപത്രിയിൽ എല്ലാ വാർഡുകളിലും കയറി പരിശോധിക്കാനും സാധിക്കില്ല. ഒരു സ്ഥിരം സംവിധാനമെന്ന നിലയിൽ വനിതാ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം എസ്.എ.ടി ആശുപത്രിക്കുള്ളിൽ സ്ഥാപിക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.
തട്ടിപ്പും ചൂഷണവും
ദൂരെ സ്ഥലങ്ങളിൽ നിന്നു ചികിത്സ തേടിയെത്തുന്ന പല രോഗികൾക്കും ആശുപത്രിക്ക് പുറത്ത് പുരുഷന്മാർ സഹായത്തിനായി ഉണ്ടാകാറില്ല. ഇവരെ ചുറ്റിപ്പറ്റി പല തരത്തിലുള്ള തട്ടിപ്പുകളും ചൂഷണവുമാണ് ആശുപത്രിയിൽ നടക്കുന്നത്. വനിതാ പൊലീസുകാരുടെ അഭാവം സ്ത്രീകളായ തട്ടിപ്പുസംഘത്തെ കൂട്ടത്തോടെ എസ്.എ.ടി ആശുപത്രിയിലേക്ക് ആകർഷിച്ചിട്ടുണ്ട്. കാർ പാർക്കിംഗ് ഏരിയയിലും വനിതകളുടെ വിശ്രമ സ്ഥലങ്ങളിലും രാത്രി നിരവധിപേരാണ് തമ്പടിക്കുന്നത്.