തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായതും ഇടപാടിലെ അഴിമതികളും തുറന്നുകാട്ടിയ സി.എ.ജി റിപ്പോർട്ടിനു പിന്നാലെ, പൊലീസിലെ വൻ ക്രമക്കേടുകളുടെ വിവരങ്ങളും രേഖകളും പുറത്തായതിനെക്കുറിച്ച് രഹസ്യാന്വേഷണത്തിന് സർക്കാർ ഇറക്കിയ ഉത്തരവിൽ നിഗൂഢത.
അന്വേഷണ സംഘത്തിലുള്ളവരുടെ പേരോ അന്വേഷണ വിഷയങ്ങളോ ഇല്ലാത്ത ഉത്തരവിന്റെ യഥാർത്ഥ ലക്ഷ്യം വ്യാപകമായ ഫോൺ ചോർത്തലാണെന്ന് ആക്ഷേപം ഉണ്ട്. ആഭ്യന്തര (ജി ) വകുപ്പ് ജോയിന്റ് സെക്രട്ടറി അജിത് കെ. ജോസഫ് ഇന്നലെ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് അന്വേഷണ സംഘാംഗങ്ങൾക്കും പൊലീസ് മേധാവിക്കും മാത്രമാണ് നൽകിയിരിക്കുന്നത്.
ഉത്തരവിന്റെ മറവിൽ മാദ്ധ്യമപ്രവർത്തകരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഫോൺ ചോർത്തുമെന്നാണ് ആക്ഷേപം.
അന്വേഷണത്തിന് കാലപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഫോൺചോർത്തൽ എത്രകാലം വേണമെങ്കിലും തുടരാനാവും.
തന്റെ ഫോൺ പൊലീസ് ചോർത്തുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ പരാതിപ്പെട്ടിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പൊലീസ് നേരത്തെയും രഹസ്യമായി ചോർത്തുന്നുണ്ടെങ്കിലും, നിയമപരിരക്ഷയോടെ തുടർച്ചയായ ഫോൺ ചോർത്തലാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാന നഗരപരിധിയിൽ വീടെടുത്ത് പൊലീസ് ഫോൺ ചോർത്തുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു.
എഫ്.ഐ.ആർ നമ്പറും ഫോൺ നിരീക്ഷിക്കാനുള്ള കാരണവും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ നിലവിൽ ഫോൺ ചോർത്താനാവൂ. അതിനാൽ, അനധികൃത ചോർത്തൽ തുടർച്ചയായി സാദ്ധ്യമാകില്ല. ഇതു മറികടക്കാനാണ് സി.എ.ജി റിപ്പോർട്ടിന്റെ പേരിലുള്ള രഹസ്യാന്വേഷണം.
പൊലീസ് ആസ്ഥാനത്തു നിന്ന് കൂടുതൽ രഹസ്യ ഫയലുകൾ ചോരുന്നത് തടയുകയും, രഹസ്യം ചോർത്തിയതിന് അനഭിമതരായ ഉദ്യോഗസ്ഥരെ തെറിപ്പിക്കുകയുമാണ് രഹസ്യാന്വേഷണത്തിന്റെ മറവിൽ സർക്കാരിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. സർവീസ് ചട്ടങ്ങളും സൈബർ നിയമവും ഉയർത്തി ഉദ്യോഗസ്ഥരെയും മാദ്ധ്യമങ്ങളെയും വിരട്ടാനും കഴിയും.
ഫയൽ ചോർച്ചയ്ക്കു പിന്നിൽ
ഗൂഢാലോചന: പൊലീസ്
സി.എ.ജി റിപ്പോർട്ടിന് തൊട്ടുപിന്നാലെ പൊലീസ് ആസ്ഥാനത്തെ ഫയലുകളടക്കം കൂട്ടത്തോടെ ചോർന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നേതൃത്വം പറയുന്നത്.
ഡി.ജി.പിയുടെ രഹസ്യ ഫണ്ട് രണ്ടു കോടിയിൽ നിന്ന് അഞ്ചു കോടിയായി ഉയർത്തിയതു മുതൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതു വരെയുള്ള രഹസ്യ ഫയലുകൾ പോലും ചോർന്ന് മാദ്ധ്യമങ്ങളിൽ വാർത്തയായി. സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാവുന്ന തരത്തിൽ, ഏകീകൃത ഗതാഗത നിയന്ത്രണ സംവിധാനത്തിനുള്ള ടെൻഡർ റദ്ദാക്കേണ്ടിയും വന്നു.
മൂന്നു നാല് ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയ താത്പര്യത്തോടെ പൊലീസ് ആസ്ഥാനത്തു നിന്ന് വിവരങ്ങൾ ചോർത്തിയെന്നാണ് വിലയിരുത്തൽ. ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ഇടപാടുകളുടെ ഫയൽ ചോർന്നത് സുരക്ഷാ ഭീഷണിയാണെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ മുഖ്യമന്ത്റിയെ അറിയിച്ചു. ഇതോടെയാണ് രഹസ്യാന്വേഷണത്തിനും കർശന നടപടിക്കും നിർദ്ദേശിച്ചത്.