വിതുര: കെ.എസ്.ആർ.ടി.സി നടത്തിയ മിന്നൽ പണിമുടക്കിനിടെ കഴിഞ്ഞ ദിവസം കിഴക്കേകോട്ടയിൽ കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ (65) മൃതദേഹം ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വിതുര കളിയിക്കൽ കുടുംബവീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടയാണ് മൃതദേഹം വിതുരയിൽ എത്തിച്ചത്.
മുപ്പതുവർഷമായി സുരേന്ദ്രൻ വിതുരയിൽ നിന്ന് കാച്ചാണിയിൽ പ്പോയിട്ട്. ഡ്രൈവറായിരുന്ന സുരേന്ദ്രൻ ഹൃദ്രോഗബാധയെ തുടർന്നാണ് ജോലി ഉപേക്ഷിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടംബമാണ്. മക്കളായ സിനി ,നിസി എന്നിവരുടെ വിവാഹം നടത്തിയതോടെ സുരേന്ദ്രൻ കടക്കെണിയിലായി. കാച്ചാണി ഇറയംകോട് വാടകവീട്ടിലായിരുന്നു താമസം. എല്ലാമാസവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുന്ന സുരേന്ദ്രൻ, ഉള്ളൂരിലുള്ള മെഡിക്കൽഷോപ്പിൽ നിന്ന് മരുന്നുവാങ്ങിയ കിഴക്കേകോട്ടയിൽ എത്തി ബസിൽ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ പരിശോധന കഴിഞ്ഞശേഷം കിഴക്കേകോട്ട സ്റ്റാൻഡിൽ കാച്ചാണിയിലേക്കുള്ള ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിർദ്ധനരായ കുടുംബത്തെ സഹായിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ അച്ഛൻ തോംസൺ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. ജോയ്സാണ് മാതാവ്.