k-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര പദ്ധതികളെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുടെ ഉദ്ഘാടന മാമാങ്കത്തിന് ലക്ഷങ്ങൾ ചെലവഴിച്ച മുഖ്യമന്ത്രി കേരളത്തിന് കേന്ദ്രം ഒന്നും നൽകുന്നില്ല എന്നാണ് പറയുന്നത്. കേന്ദ്രപദ്ധതികളെ സംസ്ഥാനത്തിന്റേതാക്കി മാറ്റുകയും സ്വന്തം സർക്കാരിന്റെ നേട്ടമാക്കി കാണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. തീർത്ഥപാദ മണ്ഡപം സർക്കാർ ഏറ്റെടുത്തത് ഒരു വിഭാഗത്തിനോട് കാണിക്കുന്ന തുടർച്ചയായുള്ള വെല്ലുവിളിയാണ്. സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന നിരവധി പേരുണ്ട്. ഏക്കർ കണക്കിന് ഭൂമിയാണ് അവരുടെ പക്കലുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി തിരികെ എടുക്കാതെ അവരെ പൊലീസ് സംരക്ഷിക്കയാണ്. തീർത്ഥപാദമണ്ഡപം ഏറ്റെടുത്തതിലൂടെ സർക്കാരിന്റെ വർഗീയ നിലപാടാണ് വ്യക്തമായത്. ഹൈന്ദവരെ അവഹേളിക്കുകയാണ്. സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ.എസ്.ആർ. ടി. സി സമരത്തിനിടെ യാത്രക്കാരന് ജീവൻ നഷ്ടമായ സംഭവത്തിൽ നിയമസഭയിൽ മറുപടി പറയാതെ മുഖ്യമന്ത്രി ചേംബറിൽ പോയിരുന്നത് സഭയെ അവഹേളിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.