kerala-legislative-assemb

തിരുവനന്തപുരം: വിവിധ ജില്ലകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്ക് പട്ടയം നൽകാനുതകും വിധം ചട്ടങ്ങളിൽ ഇളവു വരുത്തി ഉത്തരവിറക്കാൻ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനം. തൃശൂർ ജില്ലയിൽ മാത്രം 1800 കുടുംബങ്ങൾക്കും ഇടുക്കി, വയനാട്, പാലക്കാട് ജില്ലക്കാർക്കും പ്രയോജനം കിട്ടും.
1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറി താമസം തുടങ്ങിയവർക്ക് 1993ലെ പ്രത്യേക ഭൂമി പതിവ് (വനഭൂമി കൈയേറ്റം ക്രമീകരിക്കൽ) നിയമപ്രകാരം പട്ടയത്തിന് അർഹതയുണ്ടെങ്കിലും കൈവശാവകാശ രേഖയുള്ള പലർക്കും നടപടിക്രമങ്ങൾ മൂലം പട്ടയം കിട്ടാത്ത സ്ഥിതിയുണ്ട്. സ്ഥലത്തിന്റെ അവകാശികളിൽ പലരും മരിച്ചു. അടുത്ത തലമുറയ്ക്ക് പട്ടയം നൽകാനും സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പിന്തുടർച്ചാവകാശം ലഭിച്ചവർക്കും സ്ഥലം കൈമാറി ലഭിച്ചവർക്കും കൂടി പട്ടയം നൽകാനാണ് തീരുമാനം.

ഇത്തരം കേസുകളിൽ ആവശ്യമെങ്കിൽ പുതിയ അപേക്ഷ വാങ്ങുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനും കളക്ടർമാർക്ക് അനുമതി നൽകി. അർഹരായ വ്യക്തികളുടെ കൈവശം സംയുക്ത പരിശോധനാറിപ്പോർട്ട് ലഭ്യമല്ലെങ്കിൽ റവന്യൂവകുപ്പിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ അവരുടെയോ അവകാശികളുടെയോ പേര് അംഗീകരിച്ച് പട്ടയം നൽകും. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയതിനാൽ ഭൂമി പതിവ് നിയമത്തിലെ നടപടിക്രമങ്ങളും സമയ പരിധിയും സംബന്ധിച്ച 6, 7 ചട്ടങ്ങൾ പാലിച്ചതായി കണക്കാക്കും.
സ്‌കെച്ച് ലഭ്യമല്ലാത്ത കേസുകളിൽ തഹസിൽദാർ സ്ഥലം പരിശോധിച്ച് സ്‌കെച്ച് തയാറാക്കി പട്ടയം നൽകും. ഈ സ്‌കെച്ച് ഉത്തരവിന്റെ ഭാഗമാക്കി മാറ്റും. കൈവശ ഭൂമിയിലിരിക്കുന്ന മരങ്ങൾ 1977 ജനുവരി ഒന്നിനു ശേഷം കൈവശക്കാർ നട്ടു പിടിപ്പിച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാൽ സൗജന്യമായി നൽകും.