ramesh-chennithala

തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം 4500 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ കരാർ എടുത്ത സ്‌റ്റെറിലൈറ്റ്, എൽ ആൻഡ് ടി കമ്പനികൾക്ക് കൈമാറിയത്. മുമ്പും കോടികൾ കൈമാറിയിരുന്നു. അതിന്റെ വിവരങ്ങൾ പ്രതിപക്ഷനേതാവെന്ന നിലയിൽ താൻ പുറത്തുകൊണ്ടുവരികയും,അന്വേഷണം ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുയും ചെയ്തിരുന്നു. എന്നാൽ ഗവർണർ അനുമതി നൽകിയില്ലന്നും നിയമസഭയിൽ വൈദ്യുതി വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച ശേഷം രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം, കോലത്തുനാട് ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ കരാറെടുത്ത സ്റ്റെറിലൈറ്റ്, എൽ ആൻഡ് ടി കമ്പനികൾക്ക് കേരളത്തിൽ കൊയ്‌ത്തുകാലമാണ്. 10,000 കോടി രൂപയോളമാണ് സർക്കാർ ഈ കമ്പനികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റിലാണ് സാധാരണ സിവിൽ കോൺട്രാക്ടുകൾ നൽകാറുള്ളത്. സ്‌റ്റെറിലൈറ്റിനും എൽ ആൻഡ് ടി ക്കും ഈ കമ്പനികൾ നൽകിയ റേറ്റും കൂടി ചേർത്തു വളരെ ഉയർന്ന നിരക്കിലാണ് കരാർ നൽകിയത്. ഇതിനു മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയും നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തതുകൊണ്ടാണ് സഭ ബഹിഷ്‌കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.