സിഡ്‌നി : ഭാഗ്യം മഴയുടെ രൂപത്തിലും വരാമെന്ന് ഇപ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിശ്വസിക്കുന്നുണ്ടാകണം. കാരണം ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യയ്ക്ക് കീഴടക്കാൻ കഴിയാത്ത ഇംഗ്ളണ്ടിനെ ഇന്നലെ കളത്തിലിറങ്ങാതെ തന്നെ ഹർമൻ പ്രീത് കൗറും കൂട്ടരും തോൽപ്പിച്ചു. ഒറ്റപ്പന്തുപോലുമെറിയാൻ മഴ സമ്മതിക്കാത്തതുകൊണ്ടാണ് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇന്ത്യയെ ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ചത്. അതേസമയം ഇന്നലെ ഇതേ വേദിയിൽ നടന്ന രണ്ടാം സെമിയിൽ മഴയെത്താൻ വൈകിയതുകാരണം ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുപോകേണ്ടിയും വന്നു.
ആസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഇടയ്ക്ക് പെയ്ത മഴ ദക്ഷിണാഫ്രിക്കയ്ക്ക് 13 ഒാവറിൽ 98 റൺസിന്റെ വിജയലക്ഷ്യം നൽകിയെങ്കിലും അവർക്ക് 92/5 എന്ന സ്കോറിലേ എത്താനായുള്ളൂ. ആസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 134/5 എന്ന സ്കോറിലെത്തിയിരുന്നു. ഇൗ കളിയും മഴമൂലം ഉപേക്ഷിച്ചിരുന്നുവെങ്കിൽ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയേനെ.
. ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞതാണ് ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ 17 റൺസിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ 18 റൺസിനും തുടർന്ന് കിവീസിനെ മൂന്ന് റൺസിനും പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ ശ്രീലങ്കയും ഇന്ത്യയ്ക്ക് മുന്നിൽ തുന്നം പാടി.
ഇംഗ്ളണ്ട് ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് അവർക്ക് തിരിച്ചടിയായത്. തുടർന്ന് പാകിസ്ഥാൻ, തായ്‌ലാൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരെ അവർ തോൽപ്പിച്ചിരുന്നു.
വിവാദത്തിന് റിസർവ് ഡേ ഇല്ല
വനിതാ ട്വന്റി 20 ലോകകപ്പിന് റിസർവ് ഡേ ഇല്ലാത്തത് ഇംഗ്ളണ്ടിന്റെ പുറത്താകലോടെ വിവാദമായി മാറിയിട്ടുണ്ട്. ഫൈനലിന് മാത്രമേ റിസർവ് ഡേ അനുവദിക്കാനാകൂ എന്നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചട്ടം. സിഡ്‌നിയിലെ കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സെമിക്ക് റിസർവ് ദിനം അനുവദിക്കണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി അനുകൂലമായിരുന്നില്ല.
ഇന്നലെ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ട് സെമി ഫൈനലുകളും നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ മഴ തോരുന്നതുവരെ കാത്തിരുന്ന ഇന്ത്യ-ഇംഗ്ളണ്ട് മത്സരം ഒാവറുകൾ വെട്ടിച്ചുരുക്കി നടത്താനും ഐ.സി.സി തയ്യാറായില്ല. ടെലിവിഷൻ സംപ്രേഷണ കരാറിൽ മാറ്റംവരുത്തുക പ്രയാസമാണെന്ന് പറഞ്ഞാണ് ഐ.സി.സി മത്സരത്തിന് റിസർവ് ഡേ അനുവദിക്കാതിരുന്നത്.
മാറ്റം വന്നേക്കും
ഇന്നലത്തെ പശ്ചാത്തലത്തിൽ ട്വന്റി 20 ചാമ്പ്യൻഷിപ്പുകൾക്ക് റിസർവ് ഡേ വേണ്ട എന്ന തീരുമാനം ഐ.സി.സി പുനഃപരിശോധിച്ചേക്കും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ സൂപ്പർ ഒാവറിലും വിജയികളെ നിശ്ചയിക്കാൻ കഴിയാതിരുന്നതോടെ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ളണ്ടിനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ബൗണ്ടറി നിയമം ഐ.സി.സി മാറ്റിയിരുന്നു.
എങ്കിൽ അന്ന് ഇന്ത്യ ഫൈനലിൽ എത്തിയേനെ
ഇംഗ്ളണ്ടിൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകളെ ഒരർത്ഥത്തിൽ തുരങ്കം വച്ചത് റിസർവ് ഡേ ആയിരുന്നു. ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മഴമൂലം തടസപ്പെട്ടപ്പോൾ റിസർവ് ഡേയിൽ കളി പുനരാരംഭിക്കുകയും ഇന്ത്യ തോൽക്കുകയുമായിരുന്നു. അന്ന് മഴക്കളിയിൽ ഗ്രൂപ്പ് ചാമ്പ്യൻമാരെ കടത്തിവിട്ടിരുന്നെങ്കിൽ ഇന്ത്യയായിരുന്നു ഫൈനലിൽ എത്തേണ്ടിയിരുന്നത്.
ലോകകപ്പ് ഫൈനലിലെത്തിയ വനിതാടീമിന് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഫൈനലിന് എല്ലാ വിജയാശംസകളും.
വിരാട് കൊഹ്‌ലി
സെമിഫൈനൽ കാണാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ മഴദേവതയുടെ അനുഗ്രഹത്താൽ ഫൈനലിലെത്താനായി. ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചതിനുള്ള പ്രതിഫലമാണ് ഇൗ ഫൈനൽ ബർത്ത്.
വിരേന്ദർ സെവാഗ്
ഇന്ത്യക്കാരിയെന്ന നിലയിൽ ഇൗ ഫൈനൽ പ്രവേശനത്തിൽ ഞാൻ അതിയായി ആഹ്ളാദിക്കുന്നു. ക്രിക്കറ്റ് കളിക്കാരിയെന്ന നിലയിൽ ഇംഗ്ളണ്ട് ടീമിന്റെ സങ്കടത്തിൽ പങ്കുചേരുന്നു. ആർക്കും ഇൗയൊരു വിധി ഉണ്ടാകരുതേയെന്നാണ് എന്റെ പ്രാർത്ഥന. എന്നാൽ നിയമങ്ങൾ അനുസരിച്ചേ മതിയാകൂ.
മിഥാലി രാജ്
സെമി ഫൈനൽ കളിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. എന്നാൽ ടൂർണമെന്റിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാകൂ. തുടക്കം മുതലേ എല്ലാ കളികളും ജയിച്ചേ മതിയാകൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രാഥമികറൗണ്ടിൽ തോൽക്കാതിരുന്ന ടീമിനാണ് ഇൗ ഫൈനൽ പ്രവേശനത്തിന്റെ മുഴുവൻ ക്രെഡിറ്റും. ഭാവിയിൽ ട്വന്റി 20 ലോകകപ്പിനും റിസർവ് ഡേ ഏർപ്പെടുത്തുന്നത് നല്ലതായിരിക്കും.
ഹർമൻ പ്രീത് കൗർ
ഇന്ത്യൻ ക്യാപ്ടൻ
ഇൗ ലോകകപ്പ് ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ ഒത്തിരി സങ്കടമുണ്ട്. തീർത്തും നിരാശാജനകമാണിത്. കളിക്കാതെ തോൽക്കുന്നത്. സെമിയിലെത്തുകയായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. അത് നേടുകയും ചെയ്തു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
ഹീതർ നൈറ്റ്
ഇംഗ്ളണ്ട് ക്യാപ്ടൻ