തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ തലസ്ഥാനം സ്തംഭിച്ച് നിന്ന മണിക്കൂറുകളിലാണ് കിഴക്കേകോട്ടയിൽ യാത്രക്കാരനായ സുരേന്ദ്രൻ കുഴഞ്ഞു വീഴുന്നത്. സുരേന്ദ്രന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന യാത്രക്കാരിയെ ജനം ചാനലുകളിലൂടെ കണ്ടു. അത് സുരേന്ദ്രന്റെ ബന്ധുവോ അയൽക്കാരിയോ ആരുമായിരുന്നില്ല. എല്ലാവേരേയും വകഞ്ഞുമാറ്റി പതിനഞ്ചു മിനിട്ടോളം ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് പി.ആർ.എസ് ആശുപത്രിയിലെ സീനിയർ നഴ്സ് രഞ്ജുവായിരുന്നു. കിഴക്കേകോട്ടയിൽ പെട്ടുപോയ മറ്റൊരു യാത്രക്കാരി.
കാർഡിയോ പൾമിനറി റെസസിറ്റേഷൻ (സി.പി.ആർ) എന്ന ജീവൻ രക്ഷാപ്രകിയയിലൂടെ സരേന്ദ്രന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ രഞ്ജു നടത്തിയ ശ്രമം പക്ഷെ, വിജയിച്ചില്ല. അതിന്റെ വേദനയും രഞ്ജുവിനുണ്ട്.
''ബസ് സമരമാണെന്നറിഞ്ഞ് ഞങ്ങളും ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടത്. പെട്ടെന്ന് ആർക്കും എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഷുഗർ ലോ ആണെന്ന് ആദ്യം കരുതി. ജ്യൂസും വെള്ളവുമൊക്കെ ആരോ കൊടുത്തു. അതു കുടിക്കുമ്പോഴാണ് അദ്ദേഹം എന്റെ കൺമുന്നിൽ തന്നെ വീണത്. ആശുപത്രിയിൽ ചെയ്യുന്ന കാര്യമാണ് ഞാൻ ചെയ്തത്. സമരമായതിനാലും നിരത്തുകളിൽ ബസുകൾ നിറുത്തിയിട്ടിരുന്നതിനാലും ആംബുലൻസിന് പെട്ടെന്ന് എത്താൻ കഴിഞ്ഞില്ല. അത്രയും സമയവും ഞാൻ ബേസിക് ലൈഫ് സപ്പോർട്ട് നൽകി. ബസ് സ്റ്റാൻഡിൽ ജീവൻരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. കുറച്ചു കൂടി നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു''- രഞ്ജു പറഞ്ഞു.
15 വർഷമായി നഴ്‌സാണ് നെട്ടയം സ്വദേശിയായ രഞ്ജു. നഴ്‌സിംഗ് പഠിച്ചതും ഇതേ ആശുപത്രിയിലാണ്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രണ്ടു മക്കളുണ്ട്.
രോഗിക്ക് ബസ് സ്റ്റാൻഡിൽ വച്ച് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച രഞ്ജുവിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആദരിക്കും.