ടോക്കിയോ : കോറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് ഇൗവർഷം അവസാനത്തേക്ക് മാറ്റിവയ്ക്കാമെന്ന നിലപാടിൽ നിന്ന് ജപ്പാൻ പിൻമാറുന്നു. ഗെയിംസ് നീട്ടിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ഇന്റർനാഷണൽഒളിമ്പിക് കമ്മിറ്റി കർശന നിലപാടെടുത്തതോടെയാണ് ജൂലായിൽതന്നെ ഗെയിംസ് നടത്താമെന്ന് ആതിഥേയരും അറിയിച്ചത്.
ഒളിമ്പിക്സ് ഉപേക്ഷിക്കുന്നതോ നീട്ടിവയ്ക്കുന്നതോ അത്‌ലറ്റുകൾക്ക് അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് കായിക മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാർലമെന്റിൽ പറഞ്ഞു. ഗെയിംസ് വേണ്ടിവന്നാൽ മാറ്റിവയ്ക്കാമെന്ന് കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞതും സീക്കോയാണ്.
അതേസമയം ജപ്പാനിലെ കൊറോണ ശമനമില്ലാതെ പടരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. കഴിഞ്ഞദിവസം മാത്രം 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പതാകയേന്താൻ
വനിതകളും
ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ രാജ്യത്തിന്റെ പതാകയേന്തി നയിക്കാൻ ഒരു പുരുഷതാരത്തിനും ഒരു വനിതാ താരത്തിനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അനുമതി നൽകി. ലിംഗ സമത്വം ഉറപ്പാക്കാനാണ് ഇൗ നടപടി. ഇൗ ഗെയിംസിൽ 48.8 ശതമാനം വനിതാതാരങ്ങളാണ് മത്സരിക്കുന്നത്.
ഇറ്റലിയിൽ ഇൗമാസം കളി കാണേണ്ട
റോം : കൊറോണ വൈറസ് ബാധ വ്യാപകമായതിനെതുടർന്ന് ഏപ്രിൽ മൂന്നുവരെ കായിക മത്സരങ്ങൾ കാണാൻ കാണികളെ അനുവദിക്കേണ്ടെന്ന് ഇറ്റാലിയൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറ്റലിയിൽ 3000 ത്തിലേറെ പേർക്ക് വൈറസ് ബാധ ഏൽക്കുകയും 107 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. നിരവധി കായിക മത്സരങ്ങൾ ഇതിനകം രാജ്യത്ത് മാറ്റിവച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച യുവന്റസും ഇന്റർമിലാനും തമ്മിലുള്ളത് ഉൾപ്പെടെ 10 സെമി ഫുട്ബാൾ എ മത്സരങ്ങളാണ് മാറ്റിയത്. ഇൗയാഴ്ച യുവന്റസും എസി മിലാനും തമ്മിലുള്ള ഇറ്റാലിയൻ കപ്പ് മത്സരങ്ങളും നീട്ടിവച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ഇറ്റലിയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഡേവിസ് കപ്പ് ടെന്നിസ് മത്സരം കാണികൾ ഇല്ലാതെയാണ് നടത്തിയത്.
കിവീസിന്റെ
ഐ.പി.എൽ താരങ്ങൾക്ക്
മുന്നറിയിപ്പ്
ഒാക്ലാൻഡ് : ഐ.പി.എല്ലിനായി ഇന്ത്യയിലേക്ക് പോകുന്ന കിവീസ് താരങ്ങൾ കൊറോണ ബാധിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പ് നൽകി. ആറ് ന്യൂസിലാൻഡ് താരങ്ങളാണ് ഐ.പി.എല്ലിന് എത്തുന്നത്. ഇതിൽ കേൻ വില്യംസൺ, ജിമ്മി നീഷം , ലോക്കീ ഫെർഗൂസൺ, ട്രെന്റ് ബൗൾട്ട് തുടങ്ങിയവർ ഉൾപ്പെടുന്നു.
പ്രണോയ് പിൻമാറി
കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇൗമാസം 11ന് തുടങ്ങുന്ന ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് അടക്കം ഏഴ് ഇന്ത്യൻ താരങ്ങൾ പിൻമാറി. സമീർ വെർമ്മ, സൗരഭ് വെർമ്മ എന്നിവരും പിൻമാറിയവരിൽ പെടുന്നു.