pollard-

കാൻഡി : കഴിഞ്ഞരാത്രി ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തോടെ രണ്ട് റെക്കാഡുകളാണ് വിൻഡീസ് ആൾ റൗണ്ടർ കെയ്റോൺ പൊള്ളാഡിനെ തേടിയെത്തിയത്. 500 ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യതാരമെന്ന റെക്കാഡും ഇൗ ഫോർമാറ്റിൽ 10000 റൺസ് കടക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാനെന്ന റെക്കാഡും.

മത്സരത്തിൽ വിൻഡീസ് 25 റൺസിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 196/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ശ്രീലങ്ക 19.1 ഒാവറിൽ 171 റൺസിന് ആൾ ഒൗട്ടായി.

മത്സരത്തിൽ 15 പന്തുകളിൽനിന്ന് 34 റൺസ് നേടിയ പൊള്ളാഡ് ട്വന്റി 20 ഫോർമാറ്റിലെ തന്റെ സമ്പാദ്യം 10030 റൺസായി ഉയർത്തി. 13296 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ മാത്രമേ ഇക്കാര്യത്തിൽ പൊള്ളാഡിന് മുന്നിലുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ബ്ളും ഫൊണ്ടേയ്‌ൻ : ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ആറ് വിക്കറ്റിന് ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയിൽ 2-0 ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 271 റൺസിന് ആൾ ഒൗട്ടായപ്പോൾ ദക്ഷിണാഫ്രിക്ക 48.3 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുറത്താകാതെ 129 റൺസ് നേടിയ ഒാപ്പണർ ജാന്നേമാൻ മലാനാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നൽകിയത്.