kanmani

തിരുവനന്തപുരം: ഖരഹര പ്രിയ രാഗത്തിൽ പക്കാലാ നിലാബാടി എന്ന കീർത്തനം ചൊല്ലി സ്കൂൾ കലോത്സവ വേദികളോട് വിട ചൊല്ലിയ കലയുടെ കൺമണി അതേ കീർത്തനം ചൊല്ലി സർവകലാശാല കലോത്സവത്തിൽ വരവറിയിച്ചു.

ജന്മനാ വൈകല്യം ബാധിച്ചിട്ടും കലയെ ഉപാസിക്കുന്ന കൺമണി അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ്.

ആലപ്പുഴ ചാരുമ്മൂട് വി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായിരിക്കെ 2018ലായിരുന്നു കൺമണിയുടെ അവസാന സ്‌കൂൾ കലോത്സവം. കഥകളി സംഗീതത്തി. ഉൾപ്പെടെ രണ്ട് എ ഗ്രേഡ‌ുകൾ അന്ന് സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ ഒന്നാം വർഷ ബി.ബി.എം വോക്കൽ വിദ്യാർത്ഥിനിയായ കൺമണി, കൈകളില്ലാത്തതിനാൽ കാലിൽ ബ്രഷ് ഘടിപ്പിച്ച് പടം വരയ്ക്കുന്ന ചിത്രകാരി കൂടിയാണ്.

സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനം നേടിത്തന്ന കഥകളി സംഗീതം സർവകലാശാലാ കലോത്സവത്തിൽ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ടെന്ന് കൺമണി പറഞ്ഞു. ചിത്രരചന, അഷ്ടപദി, ഗാനാലാപനം തുടങ്ങിയവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അഞ്ചാം വയസിൽ തുടങ്ങിയ സംഗീത പഠനം ഇപ്പോഴും ഒരു മുടക്കവുമില്ലാതെ തുടരുന്നു.

കണ്മണിയുടെ പഠനത്തിനാണ് കുടുംബം മാവേലിക്കരയിൽ നിന്ന് പൂജപ്പുരയിലേക്ക് താമസം മാറിയത്. അമ്മ രേഖയാണ് വേദികളിൽ ഒപ്പം എത്താറുള്ളത്. അച്ഛൻ ശശികുമാർ വിദേശത്താണ്. സഹോദരൻ മണികണ്ഠൻ.