തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ നാലാം ദിനത്തിലും കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ മാർ ഈവാനിയോസ് മുന്നിൽ. 160 പോയിന്റുകളോടെയാണ് ഈവാനിയോസിന്റെ കുതിപ്പ്. 132 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളജും 105 പോയിന്റുമായി വഴുതക്കാട് വിമൻസ് കോളജും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് മുന്നേറ്റം തുടരുന്നു. 74 പോയിന്റുകൾ സ്വന്തമാക്കിയ സ്വാതിതിരുനാൾ സംഗീത കോളജാണ് നാലാം സ്ഥാനത്ത്.
നാലാം ദിനം തുടക്കത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന വഴുതക്കാട് വിമെൻസ് കോളജിനെ മറികടന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തിയത്. രചനാമത്സരങ്ങളിൽ നേടിയ പോയിന്റുകളാണ് കോളേജിന് കൈമുതലായത്.
കലാതിലകപട്ടത്തിനായുള്ള പോരാട്ടത്തിൽ നിലവിലെ തിലകം തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലെ കൃഷ്ണ അജിത്തും നീറമൺകര എൻ.എസ്.എസ് കോളജിലെ മാളവിക എസ്. ഗോപനും 20 പോയിന്റു വീതം നേടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കലാപ്രതിഭയാകാൻ നിലവിലെ പ്രതിഭ മാർ ഈവാനിയോസിലെ എസ്.എസ് വിഷ്ണുറാമും ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ വി.എസ് നീരജും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 23 പോയിന്റുകൾ വീതമാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. യുവജനോത്സവത്തിലെ 74 മത്സരയിനങ്ങളിലെ ഫലപ്രഖ്യാപനം വന്നപ്പോഴാണ് ഈ നില.