vattiyoorkkavu

തിരുവനന്തപുരം: വികസനത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള മുന്നേറ്റമാണ് സർക്കാർ നടത്തുന്നതെന്നും വികസന കാര്യത്തിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ടുപോകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 306 കോടി രൂപയുടെ വികസന പദ്ധതികളാണ് നടത്തുന്നത്. ജംഗ്ഷൻ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഗതിവേഗം വർദ്ധിപ്പിക്കുന്നതിന് എം.എൽ.എ യുടെനേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജംഗ്ഷനിൽ പൊലീസ്‌ സ്റ്റേഷൻ കോമ്പൗഡിലും നഗരസഭ ഷോപ്പിംഗ്‌ കോപ്ലക്സിന്റെ മുന്നിലുമാണ് അതിർത്തി കല്ലുകൾ സ്ഥാപിച്ചത്. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.സി വിക്രമൻ പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ജ്യോതി ഇമാം ഹാമിദ് യാസിൻ ജൗഹരി അൽമദനി, കൗൺസിലർമാരായ എസ്. ഹരിശങ്കർ, കാഞ്ഞിരംപാറ രവി, റാണി വിക്രമൻ, രാജിമോൾ.പി, ടി. ബാലൻ, ബിന്ദു ശ്രീകുമാർ, പി.എസ്. അനിൽകുമാർ, കോമളകുമാരി അമ്മ, സി. പ്രസന്നകുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, എൻ.എസ്. ഷാജികുമാർ, അജിത്കുമാർ.കെ, ഒ.എ. ഷാഹുൽ, വേണുഗോപാലൻ നായർ, എസ്. സുധാകരൻ നായർ എന്നിവർ സംസാരിച്ചു.