കല്ലമ്പലം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്കും വിദ്യാർഥികൾക്കും നേരെ ബസ് ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായി ആക്ഷേപം. കഴിഞ്ഞ ആഴ്ച സ്വകാര്യ ബസിൽ കയറിയ വിമുക്തഭടനായ വൃദ്ധൻ ആഴാംകോണം ജംഗ്ഷനിൽ ഇറങ്ങാൻ വൈകിയതിൽ ബസ് ജീവനക്കാരൻ പ്രകോപനമായ രീതിയിൽ സംസാരിച്ചത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണയും ഇരിപ്പിടവും സ്വകാര്യ ബസുകളിൽ നൽകണമെന്നത് സ്വകാര്യ ബസ് ജീവനക്കാർ പരസ്യമായി അവഗണിക്കുകയാണ്.
വിദ്യാർത്ഥികളെയും സ്റ്റോപ്പുകളിൽ നിന്നും നൂറുമീറ്ററിലധികം അകലെയാണ് മിക്കപ്പോഴും ഇറക്കുന്നത് . ഇത് പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. പ്രായം ചെന്നവർ പടിയിൽ കാലെടുത്തു വച്ചാൽ ബെല്ലടിക്കുന്നതാണ് പതിവ്. മിക്ക ബസുകളിലും പതിനെട്ടു വയസ് പ്രായമുള്ള ക്ലീനർമാരാണ് ഇത്തരത്തിൽ പെരുമാറുന്നത്. ബസുകളുടെ അമിത വേഗത നിമിത്തം യാത്രക്കാർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വൃദ്ധരായ നാല് സ്ത്രീകളും മൂന്ന് വിദ്യാർത്ഥികളും ബസിനുള്ളിൽ വീണ് പരിക്കേറ്റു.
ഒരു വിദ്യാർത്ഥി മരണപ്പെടുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയുമായുള്ള മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അതേസമയം റോഡിൽ വച്ച് പരസ്യമായി നടത്തുന്ന നിയമലംഘനത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുന്ന സ്ഥിതിയാണ്. നടപടിയെടുക്കാൻ തയ്യാറായാൽ അപ്രഖ്യാപിത പണിമുടക്കെന്ന ഭീഷണിയിൽ മുട്ടുമടക്കേണ്ട ഗതികേടിലാണ് പൊലീസ്.